atm

വക്കം: അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്രമുഖ ബാങ്കിന്റെ എ.ടി.എം കൗണ്ടർ ബോർഡ് തകർന്നുവീണ് വർഷങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാനോ, പുതിയവ സ്ഥാപിക്കാനോ കഴിയാത്ത ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. ബോർഡ് ഇവിടെനിന്ന് നീക്കം ചെയ്യാത്ത പക്ഷം ആക്രി വിലയ്ക്ക് തൂക്കി വിൽക്കുമെന്നും നാട്ടുകാർ പറയുന്നു. പ്രമുഖ ദേശസാത്കൃത ബാങ്കായ കനറാ ബാങ്കിന്റെ എ.ടി.എം സെന്ററാണ് വർഷങ്ങളായി അധികൃതരുടെ അവഗണന നേരിടുന്നത്. മെഷീനുള്ളിൽ തുക നിറയ്ക്കാൻ എത്തുന്നതുപോലും വല്ലപ്പോഴുമാണ്. മാസത്തിൽ പകുതി ദിവസവും എ.ടി.എം സെന്റർ പ്രവർത്തനരഹിതമാണ്. പഞ്ചായത്തിൽ മറ്റു ദേശസാത്കൃത ബാങ്കുകളൊന്നും തന്നെ പ്രവർത്തിക്കാത്തതിനാൽ കൂടുതൽ പേരും ഈ എ.ടി.എമ്മിനെയാണ് ആശ്രയിക്കുന്നത്. ഓരോ തവണയും ബാങ്കധികൃതർക്കെതിരെ പ്രതിഷേധം തുടരുമ്പോഴും ഉത്തരവാദിത്വം ബാങ്കിനോ മാനേജർക്കോ അല്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. 2017-18 കാലയളവിലാണ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ എ.ടി.എം സ്ഥാപിച്ചത്. മികച്ച സേവനം ലഭ്യമായിരുന്നെങ്കിലും അധികൃതരുടെ അവഗണനയാൽ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. കറണ്ട് ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് വൈദ്യുതിയും വിച്ഛേദിച്ചു. ബാങ്കിന്റെ കസ്റ്റമർകെയർ ഓഫീസിനായി പഞ്ചായത്ത് കെട്ടിടത്തിൽ ഒരു മുറി വിട്ടുകൊടുത്ത് രാവിലെ 10 മുതൽ 2വരെ പ്രവർത്തനം ആരംഭിച്ചെങ്കിലും 6 മാസമായി അതും പ്രവർത്തിക്കുന്നില്ല. ഇതിനാൽ പെൻഷൻകാരും ബുദ്ധിമുട്ടിലാണ്.