തിരുവനന്തപുരം: സപ്ലൈകോ വിൽപ്പനശാലകളിലെ 13 ഇനം സാധനങ്ങൾക്ക് നൽകി വരുന്ന സബ്സിഡി അവസാനിപ്പിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. സബ്സിഡി അവസാനിപ്പിക്കുന്നതിനുള്ള റിപ്പോർട്ടല്ല വിദഗ്ധ സമിതി സമർപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സബ്സിഡി പൂർണമായി നിറുത്തലാക്കുന്നുവെന്ന പ്രചാരണം ആളുകളിൽ തെറ്റിദ്ധാരണ പരത്തും. നിലവിൽ ജനങ്ങൾക്ക് നൽകിയിരുന്ന ആശ്വാസം തുടരണമെന്നാണ് സർക്കാരിന്റെ തീരുമാനം. 2016ൽ വിപണി വിലയേക്കാൾ 25 ശതമാനം കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകിയത്. അത് അഞ്ചു വർഷം തുടരണമെന്ന് സർക്കാർ തീരുമാനിച്ചു. അഞ്ചു വർഷം കഴിഞ്ഞിട്ടും തുടരുന്ന നിലപാടാണ് സ്വീകരിച്ചത്,.സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിക്കുന്നത് സംബന്ധിച്ച് വൈകാതെ മന്ത്രിസഭായോഗം തീരുമാനമെടുക്കും. വില പരിഷ്കാരം സംബന്ധിച്ച് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലാണ്. വൈകാതെ മന്ത്രിസഭയുടെ മുന്നിലെത്തും. അധിക ഭാരമില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. വിദഗ്ധ സമിതിയും ആ കാഴ്ച്ചപ്പാടിലാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞതവണ നൽകിയതിൽ നിന്ന് പിറകോട്ട് പോകില്ല. കുറച്ചുകൂടി മെച്ചപ്പെട്ട നിലപാടാണ് സർക്കാർ സ്വീകരിക്കുക..