
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങിലേക്ക് കടന്ന് യു.ഡി.എഫ്. 31ന് മുമ്പായി എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റികൾ രൂപീകരിക്കാൻ ധാരണയായി.ഫെബ്രുവരി 10നുള്ളിൽ അസംബ്ലി തലത്തിലും 20ന് മണ്ഡലം തലത്തിലും മാർച്ച് അഞ്ചിന് മുമ്പ് ബൂത്ത് തലത്തിലും കമ്മറ്റികൾ രൂപീകരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ജനുവരി 25, 29, 30,31, ഫെബ്രുവരി 1 എന്നീ തിയതികളിൽ മുന്നണിയിലെ കക്ഷികളുമായി ഉഭയകക്ഷി, സീറ്റ് വിഭജന പ്രാഥമിക ചർച്ചകളും നടക്കും. പാർലമെന്റ് മണ്ഡല കമ്മിറ്റികൾ മുതൽ അസംബ്ലി, ബൂത്ത് കമ്മിറ്റികൾ വരെയുള്ള നേതൃയോഗങ്ങളും ചേരും.. മുസ്ലീം ലീഗ് അധിക സീറ്റ് ഇതു വരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണ് എന്നാൽ വീഴ്ച്ചയ്ക്ക് തയ്യാറല്ല. മുന്നണി വിപുലീകരണത്തിന് ഒരു കക്ഷിയും ആവശ്യമുന്നയിച്ചിട്ടില്ല..
ശബരിമലയിൽ ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ട് യോഗത്തിൽ ചർച്ച ചെയ്തു. 18 മണിക്കൂൾ വരി നിന്നിട്ടും ദർശനം നടത്താതെ ഭക്തർ മടങ്ങുന്നത് തുടരുകയാണ്. ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെയോ ദേവസ്വം മന്ത്രിയുടെയോ നേതൃത്വത്തിൽ ഇത്തവണ ഫലപ്രദമായ യോഗങ്ങൾ നടത്തിയില്ല. മുൻപരിചയമില്ലാത്ത പൊലീസുകാരെ അവിടെ നിയോഗിച്ചു. മര്യാദകെട്ട രീതിയിൽ പൊലീസ് ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്ന ഭക്തരോട് പെരുമാറുന്നത്. അടിയന്തിരമായി പരിചയസമ്പന്നരായ പൊലീസുകാരെ വിന്യസിച്ച് ദർശനം സുഗമമാക്കണം.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ട സാഹചര്യത്തിൽ സപ്ലൈകോയിലെ സാധനങ്ങൾക്ക് വിലകൂട്ടരുത്. ഉപഭോക്താക്കളുടെ തലയിൽ ഭാരം അടിച്ചേൽപ്പിക്കാതെ വിലക്കയറ്റം മറികടക്കാൻ സബ്‌സിഡി വർധിപ്പിക്കണം. . ഇടുക്കിയിലെ ഭൂപതിവ് നിയമഭേദഗതി സംബന്ധിച്ചുള്ള ചട്ടം ഭേദഗതി ചെയ്യണം. കൃഷിയും നിർമ്മാണ- വാണിജ്യ പ്രവർത്തനങ്ങളും അനുവദിച്ചു കൊടുക്കാൻ സർക്കാർ തയ്യാറാവണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ചട്ടത്തിൽ ഭേദഗതി വരുത്തും.
നവകേരളസദസിൽ ലഭിച്ച പാവപ്പെട്ടവരുടെയും രോഗികളുടെയും പരാതികൾ അവഗണിച്ച് പ്രഭാതയോഗങ്ങളിൽ പങ്കെടുത്ത പ്രമാണിമാരുടെ പരാതികൾ തീർപ്പാക്കുകയാണ്. സർക്കാരിനെതിരായി യു.ഡി.എഫ് സംഘടിപ്പിച്ച കുറ്റ വിചാരണ സദസ് വിജയകരമാണെന്നും യോഗം വിലയിരുത്തി. ഈ മാസം 31ന് മുമ്പ് എല്ലാ മണ്ഡലങ്ങളിലും സദസുകൾ പൂർത്തീകരിക്കും.
രാഹുലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരം: എം.എ ഹസൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. . മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശമനുസരിച്ചാണ് രാഹുലിനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്. ചാനൽ ചർച്ചകളിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് അറസ്റ്റിന് കാരണം.
നവകേരള സദസ് മുതൽ യൂത്ത് കോൺഗ്രസ് -യൂത്ത് ലീഗ് പ്രവർത്തകരെ ക്രൂരമായി അടിച്ചമർത്തുകയാണ്. കരിങ്കൊടി പ്രതിഷേധത്തിനും അല്ലാതെയും 256 കേസുകളാണ് യു.ഡി.എഫ് പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ളത്.
ബി.ജെ.പിക്കെതിരെ 18 കേസുകൾ മാത്രം. കല്യാശേരി മുതൽ കാട്ടാക്കട വരെ മർദ്ദനം നടത്തിയ ഡി.വൈ.എഫ്.ഐക്കെതിരെ 21
കേസുകൾ മാത്രവും. ക്രൂരമർദ്ദനം നടത്തിയ പൊലീസിനെതിരെ കൊടുത്ത സ്വകാര്യ അന്യായങ്ങളടക്കം 5 കേസുകളെടുത്തു.
അറസ്റ്റ് ചെയ്ത ശേഷം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന് മാധ്യമ വിലക്ക് ഏർപ്പെടുത്തിയത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് കാലത്ത് ഇടതുപക്ഷപ്രവർത്തകരെ അറസ്റ്റ് ചെയ്തത് നാടകീയമായല്ല. അറസ്റ്റും മർദ്ദനവും കൊണ്ട് സർക്കാരിനെതിരായ സമരങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.