shajahan

ഓയൂർ: പെട്രോൾ പമ്പ് ജീവനക്കാരിയെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്ത പ്രതികൾ പിടിയിൽ. ചാത്തന്നൂർ താഴം സുമി മൻസിലിൽ ഷാജഹാൻ (26), പുനലൂർ നെടുങ്കയം സിജി സദനത്തിൽ റിജോമോൻ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5 നായിരുന്നു സംഭവം. കൊട്ടാരക്കര ചന്തമുക്കിലെ പെട്രോൾ പമ്പിൽ നിന്ന് കാറിൽ പെട്രോളടിച്ച ശേഷം പണമിടപാടുമായി ബന്ധപ്പെട്ട് പമ്പിലെ ജീവനക്കാരിയും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഗൂഗിൾപേ വഴി പണം നൽകാമെന്ന് പ്രതികൾ പറഞ്ഞതിനെ തുടർന്ന് മെഷീനെടുക്കാൻ പോയ ജീവനക്കാരി വരാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു തർക്കം. തുടർന്ന് പ്രതികൾ ജീവനക്കാരിയെ മർദ്ദിക്കുകയും കാറിൽ കരുതിയിരുന്ന വാളെടുത്ത് ചുഴറ്റുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജീവനക്കാരി വിവരം അറിയിച്ചതിനെ തുടർന്ന് കാെട്ടാരക്കര പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പരുത്തിയറ കാഷ്യു ഫാക്ടറിക്ക് സമീപത്തുവച്ച് കാർ തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ പുറത്തിറങ്ങിയ ഷാജഹാൻ പെട്രോൾ ബോംബെറിഞ്ഞ് ഓടി രക്ഷപെട്ടു. എന്നാൽ കാറിലുണ്ടായിരുന്ന റിജോമോനെ പൊലീസ് പിടികൂടി. ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഷാജഹാനെ മീയ്യണ്ണൂരിൽ വച്ച് ഒരുകൂട്ടം യുവാക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൂയപ്പള്ളി സി.ഐ ബിജു, എസ്. ഐമാരായ അഭിലാഷ്, മധുസൂദനൻ, ബിനു ജോർജ്, രാജേഷ്, ചന്ദ്രകുമാർ, ഹോംഗാർഡ് റോയി, സി.പി.ഒമാരായ സാബു, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ബൈക്ക് മോഷണം, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.