
നിലമ്പൂർ: റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥയാണെന്നും ബിസിനസിനായി വായ്പ സംഘടിപ്പിച്ചു നൽകാമെന്നും വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തും പലരിൽ നിന്നായി ഒന്നര കോടിയോളം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. നിലമ്പൂർ അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബിലയെയാണ് (28) അറസ്റ്റ് ചെയ്തത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്ന് പേരിൽ നിന്ന് 30 ലക്ഷത്തോളം തട്ടിയെടുത്ത പരാതിയിലാണ് ഷിബില പിടിയിലായത്.
അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിസർവ് ബാങ്കിൽ ജോലിയുണ്ടെന്ന് പ്രതി ബന്ധുക്കളേയും നാട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നു. റിസർവ് ബാങ്കിൽ നിന്നും ബിസിനസ് ആവശ്യത്തിനായി വൻ തുക വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് നിലമ്പൂർ സ്വദേശിയായ വ്യവസായിയിൽ നിന്നും പല തവണകളായി 30 ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലായത്. തുടർന്ന് വ്യവസായി കോടതിയിൽ പരാതി നൽകുകയും കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലായി പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായതിൽ കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്.
ആഡംബര ജീവിതമാണ് പ്രതി നയിച്ചു വന്നിരുന്നത്. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പൊലീസും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായതറിഞ്ഞ് സ്റ്റേഷനിൽ പരാതി പ്രവാഹമായിരുന്നു. നാലു ലക്ഷം മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. എസ്.ഐ. മുജീബ്, എ.എസ്.ഐ സുധീർ, സി.പി.ഒ ടി. സജേഷ്, സുനു എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്