aaaaa


അന്തിക്കാട്: ക്രിസ്മസ് കരോൾ കാണാൻ മകൾക്കൊപ്പം പോയ പിതാവിനെ ആക്രമിക്കുകയും, കണ്ണ് അടിച്ച് തകർത്ത് കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ കൈപ്പിള്ളി ഹരിത റോഡിൽ താമസിക്കുന്ന ചക്കാലയ്ക്കൽ ആർവിനെ (24) ആണ് എസ്‌.ഐ: കെ. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ക്രിസ്മസ് തലേന്ന് മകൾക്കൊപ്പം കരോൾ കാണാനിറങ്ങിയതായിരുന്നു എറവ് ആറാംകല്ല് സ്വദേശി ചിറമ്മൽ ജോസഫ് (63).

സ്‌കൂട്ടറിൽ ആറാംകല്ല് സെന്ററിനടുത്തുള്ള സെന്റ് സെബാസ്റ്റ്യൻ കപ്പേളക്കടുത്ത് എത്തിയപ്പോൾ കരോൾ തുടങ്ങിയിരുന്നില്ല. ഈ സമയം അതുവഴി ബൈക്കിൽ വന്ന പ്രതി ആർവിൻ വാഹനം തിരിച്ചതിനെച്ചൊല്ലി ജോസഫുമായി തർക്കിച്ചു. പ്രതിക്കൊപ്പം സുഹൃത്തായ യുവതിയും ബൈക്കിൽ ഉണ്ടായിരുന്നു. പ്രകോപനമില്ലാതെ ആർവിൻ, ജോസഫിനെ സ്‌കൂട്ടറിൽ നിന്ന് തള്ളി താഴെയിട്ടു. നിലത്തുവീണ ജോസഫിന്റെ ശരീരത്തിൽ കയറിയിരുന്ന് മുഷ്ടി ചുരുട്ടി കണ്ണിന്റെ ഭാഗത്ത് ആഞ്ഞടിച്ചു.

ഇടിയുടെ ശക്തിയിൽ ജോസഫിന്റെ കണ്ണിന്റെ വെള്ള അടക്കം തെറിച്ചു പോയി. പരാക്രമം അടങ്ങാത്ത പ്രതി നിസ്സഹായനായി കിടന്നിരുന്ന ജോസഫിന്റെ മകൾക്ക് നേരെയും ആക്രമണം നടത്തി. അന്തിക്കാട് പ്രിൻസിപ്പൽ എസ്‌.ഐ: കെ. ശ്രീഹരി, എസ്‌.ഐ: ജോസി ജോസ്, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.