
ഗുരുദേവന്റെ ജീവിതത്തെയും കൃതികളെയും പറ്റി അവഗാഢമായി പഠിച്ചിട്ടുള്ള ഡോ. എസ്. മോഹൻദാസ് ഒരു സർക്കാർ ഡോക്ടറായി പ്രവർത്തിക്കുമ്പോഴും അതിനുശേഷവും ഗുരുദേവനെപ്പറ്റി കൂടുതൽ ഗഹനമായി പഠിക്കുന്ന സ്വഭാവക്കാരനായിരുന്നു. 1997- ൽ അദ്ദേഹം സമാഹരിച്ച് പ്രസിദ്ധീകരിച്ച '' വിശ്വഗുരു"" എന്ന പുസ്തകത്തിന് സാർവ്വദേശീയ അംഗീകാരം ലഭിച്ചിരുന്നു. അതിനുശേഷം 2016-ൽ ഇംഗ്ളീഷിൽ രചിച്ച '' ദി പ്രൊഫറ്റ് ഒഫ് ഒൺ വേൾഡ് (The probhet of one world)"" എന്ന വിഖ്യാതമായ ഗ്രന്ഥവും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. അതിനുശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ തൂലികയിൽനിന്നും ഇംഗ്ളീഷ് സാഹിത്യത്തിലെ ജീവചരിത്ര ശാഖയ്ക്ക് ലഭിച്ച ഉജ്ജ്വല സൃഷ്ടിയാണ് യൂണിവേഴ്സൽ ഗുരു '' Universal Guru"" എന്ന ഈ ബൃഹത്തായ ഗ്രന്ഥം. ഗുരുദേവന്റെ ജീവിതത്തെയും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹ്യ പശ്ചാത്തലത്തെയും ജാതി വ്യവസ്ഥകളെയും ചിത്രീകരിക്കുന്നു .
18 അദ്ധ്യായങ്ങളിലായി 2350 ചിത്രങ്ങളോടുകൂടി ഗുരുദേവനെപ്പറ്റി ഇംഗ്ളീഷിലോ മലയാളത്തിലോ ഇതുവരെ പ്രകാശനം ചെയ്ത ഏറ്റവും വലിയ ഗ്രന്ഥമാണിത്. 1997 മുതൽ നിരന്തരമായി പഠിച്ച് 5 വർഷമെടുത്ത് എഴുതിയതാണ് ഈ ഗ്രന്ഥം. കേരളത്തിൽ അങ്ങോളം ഇങ്ങോളം , ഇന്ത്യയിൽ പ്രധാന സ്ഥലങ്ങളിലും അമേരിക്ക, ബ്രിട്ടൺ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ മുതലായ രാജ്യങ്ങളിലുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1957- ൽ ഇന്ത്യയിലെന്നല്ല കേരളത്തിലും ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നതിന് ഗുരുദേവന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ എത്രകണ്ട് സ്വാധീനിച്ചിരിക്കുന്നുവെന്ന വസ്തുത ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഉള്ളടക്കം കൊണ്ടും ഗുരുദേവ ദർശനങ്ങളെ ആഴത്തിൽ പഠിച്ചും മനനം ചെയ്തും തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥം ശ്രീനാരായണ ദർശനങ്ങൾ അറിയാനും അറിയിക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്. ഗുരുദേവൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അനാചാരങ്ങളെ പറ്റി ചിന്തിക്കാൻപോലും കഴിയാത്ത ഇന്നത്തെ പുതുതലമുറയ്ക്ക് ഗുരുദേവ ദർശനങ്ങളിലേക്ക് വെളിച്ചം വീശാൻ ഈ കൃതി എന്തുകൊണ്ടും അർഹമാണ്.
(Mob: 9446060452).