
തിരുവനന്തപുരം : സഹകരണ മേഖല ബാങ്കുകളെ യുവതലമുറയുടെ ബാങ്ക് ആക്കിമാറ്റാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കേരളബാങ്ക് മൊബൈൽ ബാങ്കിങ്ങ് സേവനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതിലൂടെ ഇന്ന് ന്യൂജൻ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും സഹകരണ ബാങ്കുകൾ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
44-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപകർക്ക് ബാങ്കിങ്ങ് സേവനത്തിന് പുറമെ സംരക്ഷണം ഉറപ്പാക്കുന്ന ഇന്ത്യയിലെ ഏക ബാങ്കിങ്ങ് സംവിധാനമാണ് സഹകരണ പ്രസ്ഥാനം. രാഷ്ട്രീയമായി ഏറെ പ്രചാരണമുണ്ടായ കരുവന്നൂർ ബാങ്കിൽ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 104 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിക്കഴിഞ്ഞു. നിക്ഷേപങ്ങൾ പുതുതായി എത്തിതുടങ്ങി. ഒരു പ്രതിസന്ധിയിലും സഹകരണ പ്രസ്ഥാനം നിക്ഷേപകരെ കയ്യൊഴിയില്ല.
പുതിയ സഹകരണനിയമത്തിൽ നിക്ഷേപത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ നിയമം ഒപ്പിട്ടു കിട്ടിയാൽ തുടർനടപടിയിലേക്ക് കടക്കും. ചട്ടങ്ങൾ തയാറാക്കുന്നതിന് സമിതി രൂപീകരിച്ചതായും മന്ത്രി വിശദമാക്കി.
തിരുവനന്തപുരം ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള നിക്ഷേപം നൽകിയവരുടെ സർട്ടിഫിക്കറ്റ് മന്ത്രി വിതരണം ചെയ്തു. 3.5 കോടി രൂപയുടെ നിക്ഷേപ സർട്ടിഫിക്കറ്റാണ് നൽകിയത്.
പി.എ.സി.എസ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ്, കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.