
കാഞ്ഞങ്ങാട്: ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ച വിരുതൻ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കലിലെ ഷംനാത് ഷൗക്കത്ത് (43)ആണ് പിടിയിലായത്.
കഴിഞ്ഞ രാത്രി ഹൊസ്ദുർഗ്ഗ് പൊലീസിലേക്ക് പത്തനംതിട്ട ജഡ്ജിയാണെന്ന് അവകാശപ്പെട്ട് എത്തിയ ഫോണാണ് പൊലീസിനെ വട്ടംകറക്കിയത്. തന്റെ കാർ കേടായെന്നും ലോഡ്ജിലേക്ക് എത്തിക്കണമെന്നുമായിരുന്നു സന്ദേശം. അതുപ്രകാരം പൊലീസ് ഇയാൾ പറഞ്ഞ സ്ഥലത്തെത്തുകയും ഇയാളെ കൂട്ടി പുതിയകോട്ടയിലെ ലോഡ്ജിൽ എത്തുകയും ചെയ്തു. ഇതിനിടയിൽ താൻ ഡി.സി.ആർ.ബി ഡിവൈ.എസ്.പി ആണെന്ന് പറഞ്ഞപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് ഇയാളുടെ ബാഗ് പരിശോധിച്ചതിൽ നിന്നാണ് പേരും മറ്റു വിവരങ്ങളും ലഭിക്കുന്നത്.
തിരുവനന്തപുരം പൊലീസിൽ മാത്രം 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷംനാത് ഷൗക്കത്ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.