
ചങ്ങരംകുളം: വിൽപ്പനയ്ക്കായി ഉണക്കി സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയുടെ അടക്ക മോഷ്ടിച്ച കേസിൽ പുറങ്ങ് മാരാമറ്റം സ്വദേശി നിസാർ(23), എരമംഗലം സ്വദേശി രാഹുൽ(22) എന്നിവരെ ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. വീടുകളിലും ഗോഡൗണുകളിലും ചാക്കിലാക്കി സൂക്ഷിച്ച അടക്കയാണ് സംഘം മോഷ്ടിച്ചത്.
നന്നംമുക്കിൽ നിന്ന് 15 ചാക്ക് , കോക്കൂരിൽ നിന്ന് ഒമ്പത് ചാക്ക് , മൂക്കുതലയിൽ നിന്ന് നാല് ചാക്ക് എന്നിങ്ങനെ അടയ്ക്ക തുടർച്ചയായി മോഷണം പോയിരുന്നു. തുടർന്ന് ചങ്ങരംകുളം പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. സിസി ടിവികൾ പരിശോധിച്ച് ആഴ്ചകളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. വാടകയ്ക്കെടുത്ത ഇന്നോവയിലാണ് സംഘം രാത്രികാലങ്ങളിൽ സഞ്ചരിച്ച് അടക്ക മോഷ്ടിച്ച് വന്നത്. പിടിയിലായവർ മറ്റു കേസുകളിൽ പ്രതികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തൃത്താല, ചാലിശ്ശേരി, കുന്നംകുളം,വളാഞ്ചേരി, ചങ്ങരംകുളം, പെരുമ്പടപ്പ് തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി അടുത്തിടെ നിരവധി സ്ഥലങ്ങളിൽ അടയ്ക്ക മോഷണം പോയിരുന്നു. പിടിയിലായ സംഘത്തിന് മറ്റു സ്ഥലങ്ങളിൽ നടന്ന മോഷണത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. എസ്.ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ എ.എസ്.ഐ രാജേഷ്, പൊലീസുകാരായ സുജിത്ത്, ശ്രീഷ്, മനോജ്, സുരേഷ്, ഷിജു, കബിൽദേവ്, സ്‌ക്വാഡംഗങ്ങളായ ഉദയൻ, ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.