കോവളം : കൗൺസിലർ നെടുമം മോഹനന്റെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെള്ളാർ വാർഡിൽ സ്ഥാനാർത്ഥിച്ചർച്ച സജീവം. നെടുമം മോഹനന് ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കോൺഗ്രസിൽനിന്നു മാറി ബി.ജെ. പിയിലെത്തിയെങ്കിലും ജനസമ്മതനായിരുന്നു. അതിനാൽ, ജനപിന്തുണയുളള ഒരു സ്ഥാനാർത്ഥിയെത്തന്നെ നിറുത്താനാണ് ബി.ജെ.പി പദ്ധതിയിടുന്നത്. മോഹനന്റെ ഭാര്യ സിന്ധുവിനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ അണിയറ ശ്രമങ്ങൾ. എന്നാൽ ,ഇതുവരെയും അവരുടെ സമ്മതം ലഭിച്ചിട്ടില്ല. ഇതുനടന്നില്ലെങ്കിൽ കഴിഞ്ഞതവണ സ്വതന്ത്രനായി മത്സരിച്ച വെള്ളാർ സന്തോഷിനെ നിറുത്തി വാർഡ് നിലനിറുത്താനും ആലോചിക്കുന്നുണ്ട്. സി.പി.ഐയുടെ പനത്തുറ ബൈജുവിനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെടുമം മോഹനൻ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും 1062 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്കായി.ധീവര സമുദായാംഗവും ജനകീയനുമായ ബൈജുവിനെത്തന്നെ സ്ഥാനാർത്ഥിയാക്കാനാണ് എൽ.ഡി.എഫ് ആലോചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പനത്തുറ പുരുഷോത്തമനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ഇദ്ദേഹവും ധീവരസമുദായാംഗമാണ്. ഇക്കുറി കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽനിന്നും സ്ഥാനാർത്ഥികളാകാൻ ധീവരരായ സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ ബൈജുവിന് സാദ്ധ്യത കൂടുതലാണെന്നും സൂചനയുണ്ട്.കോൺഗ്രസ് ഇക്കുറി ജനകീയനായ പാച്ചല്ലൂർ രാജുവിനെ നിറുത്താനാണ് നോക്കുന്നത്. വാർഡിൽ മുൻതൂക്കം ഈഴവ സമുദായത്തിനാണ്. 3000 വോട്ടാണ് ഉള്ളത്. അതിലാണ് കോൺഗ്രസ് ലക്ഷ്യംവയ്ക്കുന്നത്. ബി.ജെ.പിയുടെ നോട്ടവും അതുതന്നെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6000 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി നൂറിലേറെ കന്നി വോട്ടുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വോട്ടർപ്പട്ടികയിൽ പേര് ചേർക്കലും തകൃതിയായി നടക്കുന്നു.