
തിരുവനന്തപുരം: കലാപാഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും ഇരുമ്പുവടി കൊണ്ടും യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്.
രാഹുലിനെ വീട്ടിൽ കയറി അറസ്റ്റു ചെയ്യണമെന്നത് രാഷ്ട്രീയ തീരുമാനമാണ്. അത്രമാത്രം പകയും വിദ്വേഷവുമാണ് മുഖ്യമന്ത്രിക്കുള്ളത്. നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സമ്മറിയെയാണോ എം.വി.ഗോവിന്ദൻ വ്യാജ സർട്ടിഫിക്കറ്റെന്ന് പറയുന്നത്. സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണ് ഗോവിന്ദൻ. രാഹുലിനെ അറസ്റ്റു ചെയ്ത് ജയിലിൽ കൊണ്ടു വരുന്നതുവരെ കന്റോൺമെന്റ് എസ്.എച്ച്.ഒ മോശമായും ക്രൂരമായുമാണ് പെരുമാറിയത്.