തിരുവനന്തപുരം: ഫെബ്രുവരി 17 മുതൽ 26 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 25നാണ് പൊങ്കാല. ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. തെരുവുനായ ശല്യം പരിഹരിക്കും. മൊബൈൽ ടോയ്‌ലെറ്റുകൾ,വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോടു പറഞ്ഞു. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം സജ്ജമായിരിക്കും. ഫെബ്രുവരി 17 മുതൽ 23 വരെ,600 പൊലീസുകാരെയും 24 മുതൽ 26 വരെ മൂവായിരം പൊലീസുകാരെയും വിന്യസിക്കും. കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ അടുത്തയാഴ്ച ആരംഭിക്കും. ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ സർവൈലൻസ് ടീം പ്രവർത്തിക്കും. അട്ടക്കുളങ്ങര-തിരുവല്ലം റോഡിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ വിഭാഗം അറിയിച്ചു. മേയർ ആര്യാ രാജേന്ദ്രൻ,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ,സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ.ശരത് കുമാർ, പ്രസിഡന്റ് വി.ശോഭ തുടങ്ങിയവർ സംബന്ധിച്ചു
മറ്റ് തീരുമാനങ്ങൾ
കുത്തിയോട്ട ബാലന്മാർക്ക് 24 മണിക്കൂറും ശിശുരോഗ വിദഗ്ദ്ധരുടെ സേവനം
പൊങ്കാല ദിവസം പത്തംഗ മെഡിക്കൽ ടീമും 108 ആംബുലൻസുകളുടെ സേവനവും
വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും.
തട്ടുകടകൾക്ക് ലൈസൻസും അന്നദാനം നൽകുന്നതിന് മുൻകൂർ രജിസ്‌ട്രേഷനും വേണം.
കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.
ലീഗൽ മെട്രോളജി കടകളിൽ പരിശോധനകൾ നടത്തും.
അഞ്ച് ആംബുലൻസുകളുൾപ്പെടെ ഫയർഫോഴ്സ് പ്രത്യേക ടീം എത്തും.
എക്‌സൈസ് ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം തുറക്കും.