ശിവഗിരി : ശ്രീനാരായണ ധർമ്മസംഘത്തിന്റെ 97-ാമത് വാർഷികം പ്രമാണിച്ച് സംഘം രജിസ്ട്രേഷൻ ദിനാചരണം ഇന്ന് ൃശിവഗിരി മഠത്തിൽ നടക്കും.. ഗുരുദേവന്റെ സന്യസ്ത ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന പ്രഭാഷണങ്ങളും പ്രാർത്ഥനയും നടക്കും.

ഗുരുദേവശിഷ്യന്മാരായ ശിവലിംഗ സ്വാമി, ബോധാനന്ദ സ്വാമി, ചൈതന്യ സ്വാമി, സത്യവ്രത സ്വാമി, ശ്രീനാരായണ തീർത്ഥ, ധർമ്മതീർത്ഥ, ആനന്ദതീർത്ഥ, നടരാജഗുരു തുടങ്ങിയവരെയും ധർമ്മസംഘം മഠാധിപന്മാരേയും സ്മരിച്ചു കൊണ്ട് സന്യാസിമാർ പ്രഭാഷണങ്ങൾ നടത്തും. ഭക്തജനങ്ങൾക്കും അനുസ്മരണ പ്രസംഗങ്ങൾക്ക് സൗകര്യമുണ്ടായിരിക്കും. രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ ശിവഗിരി, ശാരദാമഠം സന്നിധിയിലായിരിക്കും ചടങ്ങുകൾ .തുടർന്ന് ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തുടങ്ങിയവർ നേതൃത്വം നൽകും.. ഗുരുധർമ്മ പ്രചരണ സഭയുടേയും മാതൃസഭയുടേയും യുവജന സഭയുടേയും പ്രവർത്തകർ ഗുരുദേവ ഭക്തന്മാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.