veedu

വിതുര: ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനെ തുടർന്ന് കാമുകൻ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വിതുര മണലി ചെമ്പിക്കുന്ന് സ്വദേശി സുനിലയെ കാമുകൻ അച്ചു തിങ്കളാഴ്ച രാത്രിയിലാണ് കൊലപ്പെടുത്തിയത്.

പാലോട് കുറുപ്പൻകാല സ്വദേശികളും അയൽവാസികളുമായ സുനിലയും അച്ചുവും ആറ് മാസമായി പ്രണയത്തിലായിരുന്നു. കാമുകനുമൊത്ത് ജീവിക്കണമെന്ന ആഗ്രഹം സാധിക്കാത്തതിനാലാണ് ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതെന്നാണ് പ്രതി പറയുന്നതെങ്കിലും പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. തൂങ്ങിമരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും വേദനിക്കുമെന്നും ' നിങ്ങൾ എന്നെ കഴുത്ത് ഞെരിച്ച് കൊന്നശേഷം മരിക്കണമെന്നും' സുനില പറഞ്ഞെന്നാണ് അച്ചു പൊലീസിന് നൽകിയ മൊഴി. സുനിലയെ കഴുത്തിൽ ചരട് മുറുക്കി കൊന്ന ശേഷം മരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് ഇയാൾ പറയുന്നത്.

അച്ചുവിനൊപ്പം കല്ലുംകുടിയിലെത്തിയ സുനില ഇനി ഭർത്താവ് സിബിയുടെ അടുത്തേക്ക് പോകില്ലെന്ന് പറഞ്ഞതായും മരിക്കണമെന്ന് നിർബന്ധിച്ചത് സുനിലയാണെന്നുമാണ് അച്ചുവിന്റെ വാദം. കൊലപ്പെടുത്തിയെന്ന് സമ്മതിച്ചെങ്കിലും സുനിലയെ ഒഴിവാക്കാൻ കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസിന്റെ സംശയം. അതുമാത്രമല്ല കൊലനടത്തിയശേഷം മൃതദേഹത്തൊടൊപ്പം കിടന്നുറങ്ങിയ അച്ചു പിറ്റേദിവസം രാവിലെ തിരുവനന്തപുരത്ത് ജോലിസ്ഥലത്ത് പോയിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചയാൾ ഇങ്ങനെ ചെയ്‌തതെന്തെന്നാണ് പൊലീസിന്റെ ചോദ്യം.

സുനിലയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് അച്ചു പിടിയിലാകുന്നത്. കൊലപാതകത്തിനു ശേഷം പാലോട് സ്റ്റേഷൻ പരിധിയിലെ പനയമുട്ടം ഭാഗത്തെ വനത്തിൽ ഒളിച്ച പ്രതിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പാലോട് സ്റ്റേഷനിലെ സി.പി.ഒ സുജുകുമാർ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സുനിലയെ കൊലപ്പെടുത്തിയെന്ന വിവരം പറഞ്ഞത്. ഉടൻ പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോനെ വിവരമറിയിക്കുകയും പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

സുനിലയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ഇന്നലെ രാത്രി പാലോട് കുറുപ്പൻകാലയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പ്രതിയെ വിതുര സ്റ്റേഷനിലെത്തിച്ച് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. അച്ചുവിനെ വിശദമായ ചോദ്യം ചെയ്‌ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വിതുര സി.ഐ എസ്.അജയകുമാർ, എസ്.ഐ എസ്.വിനോദ് കുമാർ എന്നിവർ അറിയിച്ചു.