തിരുവനന്തപുരം: അടുത്ത സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്ക് പരമാവധി 15 ദിവസത്തിനകം നൽകണമെന്ന് ബാങ്കുകളുമായുള്ള ചർച്ചയിൽ നിർദ്ദേശിച്ചതായി മന്ത്രി ജി.ആർ.അനിൽ. എന്നാൽ, ഏഴ് ദിവസത്തിനകം തുക വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ബാങ്കുകൾ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സീസണിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ ഇത്തവണ ബാങ്കുകളുമായി നേരത്തെ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കാനറ ബാങ്കും, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും ഇത്തവണ പി.ആർ.എസ് വായ്പ നൽകും. കർഷകരിൽ നിന്ന് ആദ്യ സീസണിൽ നെല്ല് സംഭരിച്ചതിൽ കേന്ദ്ര സർക്കാരിൽനിന്ന് സപ്ലൈകോയ്ക്ക് 1300 കോടി രൂപ ലഭിക്കാനുണ്ട്. എഴുന്നൂറോളം കോടി സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാനുണ്ട്.