p

തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും മാസവേതനമായി ആകെ കിട്ടുന്നത് 3000 മുതൽ ഏഴായിരം രൂപവരെ. വർദ്ധിച്ച ജീവിതച്ചെലവിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട്. 35 വർഷം സർവീസുള്ളവർ വരെ കൂട്ടത്തിലുണ്ട്. ഇതുപേക്ഷിച്ച് മറ്റൊരു പണിക്ക് പോകാൻ കഴിയാത്തവർ.

സർക്കാർ പ്രീ പ്രൈമറി സ്കൂളുകളിൽ നൽകുന്ന സേവന വേതന വ്യവസ്ഥ എയ്ഡഡ് മേഖലയിലും ബാധകമാക്കണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2016ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഈ വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു. അധികാരത്തിലെത്തിയിട്ടും ഇതുവരെ നടപ്പായില്ല.

സംസ്ഥാനത്ത് മൂവായിരം അദ്ധ്യാപകരും 1500 ആയമാരുമാണ് എയ്ഡഡ് മേഖലയിലുള്ളത്.

കുട്ടികളിൽ നിന്ന് ലഭിക്കുന്ന ഫീസിൽ നിന്ന് പി.ടി.എകളും മാനേജ്‌മെന്റുകളുമാണ് ഇവർക്ക് വേതനം നൽകുന്നത്. 60 വയസാണ് റിട്ടയർമെന്റ് പ്രായം. തുച്ഛമായ മാസവേതനമല്ലാതെ പെൻഷൻ ആനുകൂല്യമായി ഒന്നും ലഭിക്കുന്നില്ല.

സർക്കാർ പ്രീ പ്രൈമറി മേഖലയ്ക്ക് നൽകുന്ന സേവന വേതന വ്യവസ്ഥകൾ എയ്‌ഡഡ് മേഖലയ്ക്കും നൽകണമെന്നും സംസ്ഥാനത്തെ പ്രീപ്രൈമറി മേഖലയെ കെ.ഇ.ആറിന് കീഴിൽ കൊണ്ടുവരണമെന്നും കേരള എയ്‌ഡഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോസ്, സെക്രട്ടറി ബേബി ക്ളീറ്രസ് എന്നിവർ ആവശ്യപ്പെട്ടു.