
തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയായ 'ഓർമ്മത്തോണി'യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
2023-24 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി രൂപീകരിച്ച പദ്ധതിയാണ് 'ഡിമെൻഷ്യ സൗഹൃദ കേരളം'. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കും. ഡിമെൻഷ്യ ബാധിതർക്ക് വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കും.
ഡിമെൻഷ്യ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും രോഗബാധിതരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധിക്കുന്നതിനാലാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഓർമ്മത്തോണി അഥവാ അൽഷിമേഴ്സ് സൗഹൃദ കേരളം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.