
രുവനന്തപുരം; വർഷാവസാനം വിജ്ഞാപനങ്ങൾ ഒരുമിച്ച് പി.എസ്.സി പ്രസിദ്ധീകരിച്ചതോടെ സെർവറിലുണ്ടായ അമിതമായ തിരക്കു കാരണം അപേക്ഷ അയയ്ക്കാനാകാതെ ഉദ്യോഗാർത്ഥികളിൽ പലർക്കും അവസരം നഷ്ടമായി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 744 വിജ്ഞാപനങ്ങളിൽ 270 എണ്ണവും ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത് .
വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, പൊലീസ് എസ്.ഐ, പുരുഷ/ വനിതാ സിവിൽ എക്സൈസ് ഓഫീസർ, സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ഓഡിറ്റ് വകുപ്പ് ഓഫീസ് അറ്റൻഡൻ്റ്, എൽ.പി, യു.പി. അദ്ധ്യാപകർ, കൃഷി വകുപ്പിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറി, വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, ഓവർസിയർ, കേരള ബാങ്കിൽ അസിസ്റ്റൻ്റ് മാനേജർ, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗാർത്ഥികൾ ഏറെയുള്ള വിജ്ഞാപനങ്ങളാണ് ഡിസംബറിൽ പ്രസിദ്ധീകരിച്ചത്.
ലക്ഷക്കണക്കിന് പേർ ഒരുമിച്ച് അപേക്ഷ അയച്ചു തുടങ്ങിയതോടെയാണ് പി.എസ്.സി.യുടെ വെബ്സൈറ്റ് നിശ്ചലമായത്. ഉദ്യോഗാർത്ഥികളിൽ പലർക്കും വെബ്സൈറ്റിൽ പ്രവേശിക്കാനായില്ല. പരാതി കൂടിയതോടെ എൽ.ഡി.ക്ലാർക്ക് ഉൾപ്പെടെ 26 തസ്തികകളുടെ അപേക്ഷിക്കാനുള്ള തീയതി രണ്ടു ദിവസം കൂടി പി.എസ്.സി നീട്ടി. എന്നിട്ടും സെർവറിൽ തിരക്ക് കുറഞ്ഞില്ല. ഈ ദിവസങ്ങളിൽ മറ്റ് കാറ്റഗറികളിലേക്കുള്ള അപേക്ഷാ നടപടികൾ പി.എസ്.സി നിറുത്തി വയ്‌ക്കുകയും ചെയ്തിരുന്നു.
വർഷത്തിലെ പത്ത് മാസം വലിയ തോതിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാതെ അവസാനത്തെ രണ്ട് മാസം അവ കൂട്ടത്തോടെ പ്രസിദ്ധീകരിക്കുന്ന രീതി പി.എസ്.സി പുനഃപരിശോധിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.