ആറ്റിങ്ങൽ: കുന്നുവാരം മേൽപ്പാലത്തിന് സമീപം തലയിലും ദേഹത്തും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പ്രഭാത സവാരി നടത്തുന്നവരാണ് ഇന്നലെ രാവിലെ ആറോടെ റോഡരികിൽ യുവാവ് ചോര വാർന്ന നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാര്യവട്ടം പാങ്ങപ്പാറ മഠത്തിൽ വീട്ടിൽ നിതിൻ ചന്ദ്രനാണ് (31) പരിക്കേറ്റത്. ആറ്റിങ്ങൽ പൊലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ്റിങ്ങലിലെത്തിയ നിതീഷ് ബാറിൽ മദ്യപിച്ച ശേഷം ബഹളമുണ്ടാക്കിയെന്ന് പൊലീസിന് വിവരം ലഭിച്ചു.
ബാറിന് സമീപത്ത് നിന്ന് ഓട്ടോയിൽ കയറിയതായി നിതീഷ് പൊലീസിന് മൊഴി നൽകിയെങ്കിലും ആരാണ് മർദ്ദിച്ചതെന്നും കാരണവും ഇയാൾ പറഞ്ഞിട്ടില്ല. മർദ്ദനത്തിനും ആക്രമണത്തിനും ശേഷം ഇയാളെ കുന്നുവാരത്തിന് സമീപത്തെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. 23ന് നിതിഷ് ഗൾഫിൽ പോകാനിരിക്കെയാണ് ആക്രമണമെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.