
തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമിയിലുണ്ടായ എസ്.എഫ്.ഐ എ.ബി.വി.പി സംഘർഷത്തിൽ പേരൂർക്കട പൊലീസ് തെളിവായി ശേഖരിച്ചത് ഏഴ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള സി.സി ടിവി ദൃശ്യങ്ങളെന്ന് ആക്ഷേപം. തിങ്കളാഴ്ച രാവിലെ റാഗിംഗിനിരയായ വിദ്യാർത്ഥിയുമായി കോളേജിലെത്തിയ മാതാവിനെ പൊലീസ് നോക്കിനിൽക്കെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിനെത്തുടർന്നാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. മാനേജ്മെന്റിന്റെ സഹായത്തോടെ എസ്.എഫ്.ഐ പ്രവർത്തകർ സി.സി ടിവി ദൃശ്യങ്ങൾ സ്വന്തമാക്കിയെന്നും ആരോപണമുണ്ട്.
പരാതി നൽകിയ ഒന്നാം വർഷ വിദ്യാർത്ഥി അർജുന്റെ മാതാവും ഹൈക്കോടതി അഭിഭാഷകയും ആലപ്പുഴ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ എസ്.പ്രവീൺ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനും ഇതു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷയ്ക്ക് മർദ്ദനമേറ്റിട്ടില്ലെന്ന് പൊലീസ് വാദിക്കുന്നത്.
പൊലീസ് ശേഖരിച്ച ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷമില്ല. നിഷയാണ് പ്രകോപനം സൃഷ്ടിച്ച് സംഘർഷം ആരംഭിച്ചതെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. കേസിൽ ആരേയും അറസ്റ്റുചെയ്തിട്ടില്ല. അഭിഭാഷകയായ നിഷ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സംഘർഷത്തിൽ പരിക്കേറ്റവർ ആശുപത്രി വിട്ടു. സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
ഒത്തുകളി: അർജുൻ
സംഘർഷത്തിൽ പൊലീസും എസ്.എഫ്.ഐയുമായി ഒത്തുകളി നടത്തിയെന്ന് മർദ്ദനമേറ്റ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ അർജുൻ ആരോപിച്ചു. തന്നെയും മാതാവിനെയും മർദ്ദിച്ചെന്ന കേസ് പൊലീസ് ഒഴിവാക്കാൻ ശ്രമിക്കുകയാണ്. എസ്.എഫ്.ഐയെ സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മാനേജ്മെന്റും അവർക്ക് അനുകൂലമാണ്. എസ്.എഫ്.ഐകാർക്ക് കോളേജിലെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചത് ഒത്തുകളിയുടെ തെളിവാണ്. വീഴ്ച മറയ്ക്കാനാണ് പൊലീസ് കേസ് വളച്ചൊടിക്കുന്നതെന്നും അർജുൻ ആരോപിച്ചു.