
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം വിളിക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ 25ന് സമ്മേളനം തുടങ്ങും. ആദ്യഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. ഫെബ്രുവരി അഞ്ചിനാണു ബഡ്ജറ്റ് അവതരിപ്പിക്കുക. സാധാരണ വെള്ളിയാഴ്ചയാണ് ബഡ്ജറ്റ് അവതരിപ്പിക്കാറ്. എന്നാൽ ഇത്തവണ തിങ്കളാഴ്ചയാണ് ബഡ്ജറ്റ്. ഫെബ്രുവരി ഒന്നിനുള്ള കേന്ദ്ര ബഡ്ജറ്റിന് ആനുപാതികമായി ആവശ്യമായ ക്രമീകരണം നടത്താനാണ് ഈ മാറ്റം.
ഫെബ്രുവരി 14ന് താത്കാലികമായി നിറുത്തിവയ്ക്കുന്ന സമ്മേളനം 26നു വീണ്ടും തുടങ്ങി സമ്പൂർണ ബഡ്ജറ്റ് പാസാക്കി മാർച്ച് 27 ന് സമാപിക്കും.
എന്നാൽ, ഫെബ്രുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാൽ സമ്മേളനം നിറുത്തിവയ്ക്കാനും ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയും. പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം സമ്മേളനം ചേർന്നു സമ്പൂർണ ബഡ്ജറ്റ് പാസാക്കും.
29 മുതൽ 31 വരെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. മാർച്ച് ഒന്നിന് ബില്ലുകളും രണ്ടിന് സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കും. ബഡ്ജറ്റ് അവതരണത്തിനു ശേഷം ഒരാഴ്ച സഭ ചേരില്ല. തുടർന്നു 12 മുതൽ 14 വരെ ബഡ്ജറ്റ് പൊതു ചർച്ച നടക്കും.