balagopal

തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഓണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനുമായി 99.16 കോടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. ഈ ഇനത്തിൽ 24.16 കോടിയാണ് ബജറ്റ് വിഹിതമായി അവശേഷിച്ചിരുന്നത്. എൻ.എച്ച്.എമ്മിന് കേന്ദ്രവിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ അധിക വിഹിതമായി 75 കോടി കൂടി ലഭ്യമാക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
മിഷന് കേന്ദ്രവിഹിതവും സംസ്ഥാനം മുൻകൂർ നൽകേണ്ട സ്ഥിതിയാണ്. കേന്ദ്ര വിഹിതം 371 കോടി ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നാലു ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്ര അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തികവർഷത്തിൽ പത്തുസമാസം കഴിഞ്ഞിട്ടും ഒരു രൂപഹപോലും നൽകിയിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടിയും, കേന്ദ്രവിഹിതം മുൻകൂറായി 236.66 കോടിയും നേരത്തെ സംസ്ഥാനം നൽകിയിരുന്നു. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ മരുന്നിന്റെ പണമടക്കം സമയത്തിന് നൽകാനാകാത്ത സ്ഥിതിയുണ്ട്. ആശാ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ് ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇടപെടൽ.