photo

നെടുമങ്ങാട്: നെടുമങ്ങാടിന്റെ പൗരാണിക അടയാളപ്പെടുത്തലായ രാജപാത തുടങ്ങുന്നത് നെട്ടയിൽ നിന്നാണ്. കല്ലമ്പാറ മുതൽ വാളിക്കോട് അക്കരകട വരെയുള്ള പ്രദേശം.ഉമയമ്മ റാണിയുടെ പടത്തലവന്റെ കളരിത്തറയും ആരാധന സ്ഥലവുമായിരുന്നു ഒരുകാലത്ത് ഇവിടം. നെട്ടയിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്. അതിനോടു ചേർന്ന് ഒരു ചെമ്പകത്തറയും അടുത്തകാലം വരെ സ്ഥലവാസികൾ പരിപാലിച്ചു പോന്നിരുന്നു. ആയോധനകലകളിൽ പരിശീലനവും മാമാങ്കങ്ങളും നെട്ടയുടെ ചരിത്രത്തിൽ ഇരമ്പിയാർക്കുന്നുണ്ട്. ഒരു വിളിപ്പാടകലെ കിള്ളിയാറിന്റെ കരയിലായിരുന്നു അങ്കത്തട്ട്. പിൽക്കാലത്ത്, നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ സംഭാവന ചെയ്ത് പുതുതലമുറ റെക്കാഡിട്ടു. കായിക വിനോദങ്ങളും കളരി, കരാട്ടെ പരിശീലനവും ഇവിടത്തുകാർക്ക് എന്നും ആവേശമാണ്. ദേശീയ സിവിൽ സർവീസസ് കബഡി താരം ആർ.ഗുലാബ് കുമാറും ഇന്റർനാഷണൽ കരാട്ടെ ഓർഗനൈസേഷൻ മാസ് ഒയാമാസ് ക്യോകുഷിൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഇൻസ്ട്രക്ടറുമായ സെൻസായി രാജീവ് ജി.എസും ഉൾപ്പെടെയുണ്ട് നെട്ടയിൽ പിറന്ന താരങ്ങളുടെ പട്ടികയിൽ. വോളിബാൾ,ബാഡ്മിന്റൺ, കിളിത്തട്ട്, ഓട്ടം, ലോംഗ്‌ജംപ്,ഹൈജംപ് ഇനങ്ങളിലും ശ്രദ്ധേയരായ പ്രതിഭകൾ പിറന്നു.

ചുക്കാൻ പിടിച്ച് എസ്.എൻ ക്ലബ്

1985ൽ രൂപീകരിച്ച എസ്.എൻ ക്ലബ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ചുക്കാൻ പിടിച്ചു. സംസ്ഥാന,ജില്ലാ യുവജനോത്സവത്തിലും കേരളോത്സവത്തിലും ട്രാക്കുകൾ ഉണർത്തിയതിൽ നെട്ടയുടെ സംഭാവന എടുത്തുപറയണം. എന്നാൽ, അടുത്തകാലത്ത് കായികപ്പെരുമയ്ക്ക് മങ്ങലേറ്റു.നാല് കളിക്കളങ്ങളുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ പരിശീലനത്തിന് പൊതുയിടമില്ല. കളിക്കളങ്ങൾ ഭവനബോർഡിന്റെ താലൂക്കുതല എൻ.ജി.ഒ ക്വാർട്ടേഴ്സീനും ഫ്ലാറ്റ് സമുച്ഛയത്തിനും വഴിമാറി. താമസത്തിനെത്തുന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും ക്വാർട്ടേഴ്‌സ് പരിസരം അവർക്ക് അന്യമായി.

എൽ.ഐ.സി പാലം വന്നിട്ടും

പഴയകാലത്തെ ശേഷിപ്പായി ഇപ്പോഴുള്ളത് കിള്ളിയാറിന്റെ തീരത്തെ നാല് സമുദായ ശ്മശാനങ്ങളും രാജപാതയുടെ പ്രവേശന ബോർഡും മാത്രം. നൂറുകണക്കിന് തൊഴിലാളികളുടെ ആശ്രയമായിരുന്ന പാക്ക് പുരകൾ (സംസ്കരണ കേന്ദ്രങ്ങൾ) ഓർമ്മയായി.ചൂര്, ഇടി,അയിലാൻ, പീട്ടൻ എന്നീ ഇനം പാക്കുകൾക്ക് പേരുകേട്ട ഇടമായിരുന്നു. വീടുകളിൽ ബേക്കറി വിഭവങ്ങൾ തയ്യാറാക്കി സൈക്കിളിൽ വിവിധ ഇടങ്ങളിലെത്തിച്ചിരുന്ന നിരവധി തൊഴിലാളികളുണ്ടായിരുന്നു. കലാരംഗത്തും നെട്ടയ്ക്ക് തനതിടമുണ്ട്. ശ്രീസ്വതി കലാലയം എന്ന പേരിൽ ആരംഭിച്ച കൂട്ടായ്മ എണ്ണമറ്റ വേദികളിൽ അരങ്ങുണർത്തി. എൽ.ഐ.സി പാലം വന്നതോടെ താലൂക്കോഫീസും നെട്ടയും തമ്മിൽ അകലം കുറഞ്ഞത് പശ്ചാത്തല വികസനത്തിൽ ഊർജ്ജം പകരുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.