തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വവും ആർ.എസ്.എസും തമ്മിലുള്ള ഭിന്നതകളെ തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നു. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ ജില്ലാ ജഡ്ജി ചെയർമാനും കവടിയാർ കൊട്ടാരം പ്രതിനിധി, ക്ഷേത്രം തന്ത്രി എന്നിവർ സ്ഥിരാംഗങ്ങളുമാണ്. സംസ്ഥാനവും കേന്ദ്ര സർക്കാരുമാണ് മറ്റ് രണ്ട് അംഗങ്ങളെ നിയമിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ തുളസി ഭാസ്‌കർ നേരത്തെ ചുമതലയേറ്റിരുന്നു. ഇവർ മാത്രമാണ് ഇപ്പോൾ അംഗമായിട്ടുള്ളത്.
പഴയ സമിതിയുടെ കാലാവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനായിരുന്നു മുൻ സമിതിയിൽ കേന്ദ്രത്തിന്റെ പ്രതിനിധി. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും ആർ.എസ്.എസിനും അഭിമതനായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വം ഒരാളുടെ പേര് നിർദ്ദേശിച്ചെങ്കിലും ആർ.എസ്.എസ് നേത്വത്വത്തിന്റെ പരിഗണനയിലുള്ളത് മറ്റ് മൂന്നു പേരുകളാണ്.
 വിശ്വാസികളും ആശങ്കയിൽ
കേന്ദ്ര സർക്കാർ പ്രതിനിധിയെ തീരുമാനിക്കുന്നത് നീളുന്നത് വിശ്വാസികളിൽ ആശങ്കയ്ക്കും അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും അതൃപ്തി അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 2024ലെ ഡയറി പുറത്തിറക്കിയപ്പോൾ ഉപദേശക സമിതി, ഭരണസമിതി ഉൾപ്പെടെ എല്ലാ വിഭാഗത്തിലെ അംഗങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തി. എന്നാൽ, കേന്ദ്രപ്രതിനിധിയെ തീരുമാനിക്കാത്തതിനാൽ പേരില്ലാതെയാണ് ഡയറി പുറത്തിറക്കിയത്.