തിരുവനന്തപുരം: ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിലെ അത്ഭുതങ്ങൾ കാണാൻ 100 രൂപ മുതൽ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭിക്കും. 18 വയസിന് മുകളിലുള്ളവർക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രദർശനം മുഴുവനായി കണ്ടുതീർക്കാൻ എട്ടു മണിക്കൂറോളമെടുക്കും. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീർക്കാൻ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതൽ 18വയസുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസത്തിന് 150 രൂപയ്ക്കും 2 ദിവസത്തിന് 250 രൂപയുമാണ് നിരക്ക്.
10 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.സ്‌കൂളുകളിൽ നിന്ന് സംഘമായെത്തുന്ന 30 വിദ്യാർത്ഥികളിൽ കുറയാതെയുള്ള സംഘങ്ങൾക്കാണ് പാക്കേജുകൾ ലഭിക്കുക. 30 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് ഒരാൾക്ക് 100 രൂപയാണ്. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാൾക്ക് 200 രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്ഫാസ്റ്റും ലഞ്ചും വൈകിട്ടത്തെ ചായയുമടക്കമുള്ള പാക്കേജ് 400 രൂപയാണ്.
ത്രീ സ്റ്റാർ ഹോട്ടലിൽ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള 2 ദിവസത്തെ ടിക്കറ്റുമടക്കം ഒരാൾക്ക് 6500 രൂപയ്ക്ക് ലഭിക്കുന്ന ക്ലാസ് എ പാക്കേജുണ്ട്. ഇതേ പാക്കേജ് രണ്ട് മുതിർന്നവരും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയിൽ താമസവും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടുദിവസത്തേക്കുള്ള ഫെസ്റ്റിവൽ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാൾക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിർന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകിട്ടത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവൽ എൻട്രിയുമടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്.
ഫെഡറൽ ബാങ്ക് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെസ്റ്റിവൽ വേദിയിൽ സജ്ജമാക്കുന്ന കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റെടുക്കാം. സയൻസിന്റെ മഹാമേള കാണാൻ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജില്ലാ പരിഷദ് ഗവൺമെന്റ് പ്രൈമറി സ്‌കൂളിൽ നിന്നുള്ള സംഘവും എത്തും.