
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പരമാവധി പെൻഷൻ 50,000 രൂപയായി നിജപ്പെടുത്തണമെന്ന് ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ചു ചേർത്ത സാമ്പത്തിക വിദഗ്ദ്ധരുടെ യോഗത്തിൽ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥരുടെ ലീവ് സറണ്ടർ നിറുത്തലാക്കണമെന്ന നിർദ്ദേശവും ഉയർന്നു.
സർക്കാർ വകുപ്പുകളിലേക്ക് കാറുകൾ വാങ്ങുമ്പോൾ അവയുടെ പരിധി 10 ലക്ഷം കവിയരുതെന്നും അതിനുമേൽ വിലവരുന്ന വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണമെന്നും നിർദ്ദേശമുണ്ടായി. ജീവനക്കാരുടെ ക്ഷാമബത്ത 2021 ജനുവരി മുതൽ കുടിശികയാണെന്നും ചിലർ ചൂണ്ടിക്കാട്ടി.