
കിളിമാനൂർ: മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാപ്പിംഗ് തൊഴിലാളി പിടിയിൽ. മാർത്താണ്ഡം സ്വദേശി സുഭാഷ് (28) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. ജനുവരി ഒന്നിന് ചൈൽഡ് വെർഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. പെൺകുട്ടിയുടെ വീടിന് സമീപത്താണ് റബർ ടാപ്പിംഗ് ജോലിയ്ക്കായി യുവാവ് താമസിച്ചിരുന്നത്. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുവന്ന് യുവാവിന്റെ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവധി കഴിഞ്ഞ് സ്ഥാപനത്തിൽ തിരിച്ചെത്തിയ പെൺകുട്ടിയെ കൗൺസലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദ്ദേശ പ്രകാരം നഗരൂർ എസ്.ഐ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.