tank

ആര്യനാട്: ആര്യനാട് പഞ്ചായത്തിൽ കുടിവെള്ള ടാങ്ക് സ്ഥാപിക്കാനുദ്ദേശിക്കുന്ന പഞ്ചായത്ത് പുറംപോക്ക് ഭൂമിയിലെ മണ്ണ് സ്വകാര്യ വ്യക്തി ഇടിച്ചുമാറ്റാൻ ശ്രമിക്കുന്നതായി പരാതി.ഇതോടെ പുതിയ വാട്ടർ ടാങ്ക് നിർമ്മാണം അനിശ്ചിതത്വത്തിലേക്ക്. പഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിലെ പള്ളിവേട്ട വാട്ടർ ടാങ്കിന് സമീപത്തെ പഞ്ചായത്ത് പുറംപോക്ക് ഭൂമിയിലെ മണ്ണാണ് സമീപത്തെ സ്വകാര്യ വ്യക്തി ഇടിച്ചുമാറ്റാൻ ശ്രമിക്കുന്നതായി ആക്ഷേപമുള്ളത്.മണ്ണ് ഇടിച്ചുമാറ്റുന്നതിനായി പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്ക് ഇയാൾ അപേക്ഷ നൽകിയിരിക്കുകയാണ്.

2008ലെ ലാൻഡ് സർവേ ദൗത്യ സംഘമാണ് പള്ളിവേട്ട വാട്ടർ ടാങ്കിന് സമീപത്തെ പന്ത്രണ്ടര സെന്റ് വസ്തു ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറിയത്. 2022ൽ ഈ വസ്തു പ്രധാനമന്ത്രി ജലജീവൻ പദ്ധതിക്കുവേണ്ടി ആര്യനാട് ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിട്ടിക്ക് കൈമാറി.ഇതുപ്രകാരം 9 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ചു.പണി കരാറുകാരൻ ഏറ്റെടുത്ത് എർത്ത് വർക്ക് ചെയ്യുകയും ചെയ്തു.

ഇത്രയുമായപ്പോഴേക്കും അടുത്തുള്ള വസ്തുഉടമ ഈ വസ്തു കൈവശമാക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. ഇതോടെ കരാറുകാരൻ പണി തുടങ്ങാതെ ടാങ്ക് നിർമ്മാണം നിലച്ചിരിക്കുകയാണ്.

വാട്ടർ ടാങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ വരെ സ്ഥാപിക്കാനുള്ള നടപടികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇതിനിടയിലാണ് ചില തർക്കങ്ങളുമായി ബന്ധപ്പെട്ട് ടാങ്ക് നിർമ്മാണം നീളുന്നത്.

എങ്ങുമെത്താതെ ടാങ്ക് നിർമ്മാണം

ആര്യനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിട്ടാണ് പള്ളിവേട്ടയിലെ നിലവിലെ ടാങ്കിന് സമീപത്തായി പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കാൻ ടെൻഡർ നൽകിയത്. ടെൻഡർ നടപടികൾ കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും ടാങ്കിന്റെ പണി തുടങ്ങിയിട്ടില്ല.കരാർ കാലാവധി കഴിയാൻ ഇനി ഒരുമാസം മാത്രമാണുള്ളത്. ഇതുകഴിഞ്ഞ് കരാറുകാരൻ പിൻവാങ്ങിയാൽ ടാങ്ക് നിർമ്മാണം അനിശ്ചിതത്വത്തിലാകും.

ഏറ്റെടുത്തത്

1978ൽ കോടതി മുഖാന്തരം ഈ വസ്തു അളന്നപ്പോൾ 2264/17സർവേ നമ്പരിൽ 43 സെന്റ് വസ്തു പുറംപോക്ക് ഭൂമിയായി കണ്ടെത്തിയിരുന്നു. 2020ൽ സ്വകാര്യ വ്യക്തിയുടെ അപ്പീൽ തള്ളി ഈ വസ്തുവിൽ ഇയാൾക്ക് അവകാശം ഇല്ലെന്ന് ഹൈക്കോടതി ഉത്തരവും നൽകി.ഇതിൽപ്പെട്ട വസ്തുവാണ് 2008ൽ ദൗത്യസംഘം പന്ത്രണ്ടര സെന്റ് വസ്തു ഏറ്റെടടുത്ത് പഞ്ചായത്തിന് നൽകിയത്.

നിവേദനം നൽകി

ഇനിയും ഈ പ്രദേശത്ത് പുറംപോക്ക് ഭൂമിയയുണ്ടെന്നും അതുകൂടി ഏറ്റെടുത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിന് നൽകണമെന്നും ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പള്ളിവേട്ട സ്വദേശി എം.മോഹനൻ നിവേദനവും നൽകി.

കുടിവെള്ള പദ്ധതിക്കുള്ള സ്ഥലം നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് വാട്ടർ അതോറിട്ടിക്ക് അനുവാദം നൽകിയിട്ടുണ്ട്.1984ൽ പഞ്ചായത്ത് വാങ്ങിയ സ്ഥലത്താണ് നിലവിലെ വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്നത്. ഇവിടെ പുറംപോക്ക് ഭൂമിയുണ്ടെങ്കിലും പഞ്ചായത്ത് ഭൂമിയിൽ തന്നെ ടാങ്ക് യാഥാർത്ഥ്യമാക്കും.

വി.വിജുമോഹൻ,ആര്യനാട്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്