
തിരുവനന്തപുരം: ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിലെ മാനദണ്ഡത്തിൽ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്തുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടാക്സി, ഓട്ടോറിക്ഷ യൂണിയനുകളുടെയും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ടൂറിസം, വ്യവസായ പ്രതിനിധികളുമായി ചർച്ച നടത്തും. സ്റ്റാഫ് റൂമുകൾക്ക് പുറമെ ഡ്രൈവർമാർക്ക് രണ്ടു മുറികളും ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും. സന്ദർശകരുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐ.ഡി കാർഡുകൾ നൽകും. മേഖലാതല ബോധവത്കരണ കാമ്പെയിനുകളും ഓറിയന്റേഷൻ പരിപാടികളും സംഘടിപ്പിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും എത്തിപ്പെടാനുള്ള സൗകര്യപ്രദമായ വഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്തെ 153 സർക്കാർ റെസ്റ്റ് ഹൗസുകളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം സെക്രട്ടറി കെ.ബിജു, അഡിഷണൽ ഡയറക്ടർ എസ്.പ്രേംകൃഷ്ണൻ, സംസ്ഥാന ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കേരള ടാക്സി ആൻഡ് ഓട്ടോറിക്ഷാ യൂണിയൻ പ്രതിനിധികൾ, ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാർ എന്നിവർ പങ്കെടുത്തു.