
പാവപ്പെട്ടവർ വായ്‌പ എടുത്താൽ പരമാവധി തിരിച്ചടയ്ക്കാൻ ശ്രമിക്കുന്നവരാണ്. തീരെ ഗതിയില്ലാതെ വരുമ്പോഴാണ് മുടങ്ങിപ്പോകുന്നത്. മുടങ്ങിപ്പോയാൽ പലിശയും കൂട്ടുപലിശയുമൊക്കെയായി പിന്നീട് അവർക്ക് ഒരിക്കലും തിരിച്ചടയ്ക്കാൻ പറ്റാതെയാകും. അങ്ങനെ കടക്കെണിയിലായ ആയിരക്കണക്കിന് അതിദരിദ്രർ കഴിയുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. ഇങ്ങനെ എത്രപേർ കടക്കെണിയിലാണ് എന്നത് സംബന്ധിച്ച് സർക്കാരിന്റെ കൈയിൽ ഒരു രേഖയുമില്ല. പലപ്പോഴും ഒറ്റപ്പെട്ട ചിലരുടെ വിവരങ്ങൾ വാർത്തകളായും മറ്റും പുറത്തുവരുമ്പോഴും വിവാദമാകുമ്പോഴും മാത്രമാണ് സഹായവുമായി സർക്കാരും സ്വകാര്യ വ്യക്തികളും മറ്റും രംഗത്തുവരുന്നത്. നെൽകൃഷിക്ക് വായ‌്‌പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി കുന്നുമ്മയിലെ കർഷകൻ കെ.ജി. പ്രസാദിന്റെ വീടും അഞ്ചുസെന്റ് സ്ഥലവും ജപ്‌തി ഭീഷണിയിലായ വാർത്ത കേരളകൗമുദി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത വായ്‌പ കുടിശ്ശികയായതിന്റെ പേരിലാണ് ജപ്‌തി നോട്ടീസ് ലഭിച്ചത്. 2022ൽ 60,000 രൂപയാണ് സ്വയം തൊഴിൽ വായ്‌പയായി എടുത്തത്. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 17,600 രൂപ അഞ്ചുദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്‌തി ചെയ്യുമെന്നാണ് പട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസ് അറിയിച്ചത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ ജപ്‌തി നടപടി നിറുത്തിവയ്‌ക്കാൻ മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പട്ടികവർഗ വകുപ്പ് ഉത്തരവിട്ടത് അഭിനന്ദനീയമാണ്. തീരെ ചെറിയ കുടിശ്ശികയുടെ പേരിൽ ഓമനയെയും രണ്ട് മക്കളെയും ആ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന നടപടി ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇവർ എങ്ങോട്ട് ഇറങ്ങിപ്പോകണം? ഇവരുടെ വായ്പാ കുടിശ്ശിക സർക്കാർ ഏറ്റെടുക്കുകയോ എഴുതിത്തള്ളുകയോ ആണ് വേണ്ടത്. ജപ്‌തി താത്കാലികമായി നിറുത്തിവച്ചതുകൊണ്ട് കാര്യമില്ലെന്നും സാവകാശം തന്നാലും അടയ്ക്കാൻ മാർഗമില്ലെന്നും ഓമന പറഞ്ഞിട്ടുണ്ട്. എത്രയോ വായ്പാ കുടിശ്ശികകളും മറ്റും സർക്കാർ ഓരോ വർഷവും എഴുതിത്തള്ളുന്നു. അതിന്റെ കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തണം. ഇതുപോലുള്ള നിരാലംബരായവരുടെ വായ്‌പാ കുടിശ്ശിക അടച്ചുതീർക്കുന്നതിന് വേണ്ടി ഒരു പ്രത്യേക ഫണ്ട് തന്നെ സർക്കാർ മാറ്റിവയ്ക്കണം. നികുതി പണത്തിൽ നിന്ന് ഇതുപോലുള്ള ജീവകാരുണ്യപരമായ കാര്യങ്ങൾക്ക് പണം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. വലിയ തോതിൽ നികുതി ഈടാക്കുന്ന വികസിത രാജ്യങ്ങളിൽ ജോലി നഷ്ടപ്പെടുന്നവരെയും കടക്കെണിയിലാകുന്നവരെയും സഹായിക്കാൻ പ്രത്യേക നിധി നിലവിലുണ്ട്. എല്ലാവരെയും അല്ലെങ്കിലും അതിദരിദ്രരെ സഹായിക്കാൻ ഇത്തരമൊരു നിധി രൂപീകരിക്കേണ്ടത് അനിവാര്യമാണ്. പട്ടികജാതി ക്ഷേമ വികസന വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ഓമനയുടെ വീടിന്റെ ജപ്‌തി ഒഴിവാക്കുന്ന നടപടിയെടുക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞിട്ടുണ്ട്. ഇതൊരു വാഗ്ദാനം മാത്രമായി പോകരുത്. ദിവസങ്ങൾക്കുള്ളിൽ ഇത് പരിഹരിക്കാനുള്ള അന്തിമ നടപടിയാണ് എടുക്കേണ്ടത്.