1

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പുതിയ ആകർഷണമാകാൻ പോകുന്ന ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഗ്ലാസ് പാകുന്ന ജോലികൾ മാത്രമാണ് ശേഷിക്കുന്നത്.ഫ്രെബുവരി 14ന്ഉദ്ഘാടനം ചെയ്യാനാണ് ശ്രമമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വൃത്തങ്ങൾ പറഞ്ഞു.

സന്ദർശകരെ വിസ്മയിപ്പിക്കാൻ കൃത്രിമ മഞ്ഞും ചാറ്റൽ മഴയും ഒരുക്കാനുള്ള സംവിധാനം ഗ്ലാസ് ബ്രിഡ്ജിലുണ്ടാകും. കൂടാതെ സന്ദർശകരെ പേടിപ്പെടുത്താൻ പാലത്തിൽ വിള്ളൽ വീഴുന്ന കാഴ്ചയുമൊരുക്കും. പാലത്തിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി സ്ക്രീനിന്റെ സഹായത്തോടെയാണ് ഇത് സാദ്ധ്യമാക്കുക. ഗ്ലാസ് ബ്രിഡ്ജിൽനിന്ന് ടൂറിസ്റ്റ് വില്ലേജിലുള്ള വ്യോമസേന മ്യൂസിയമടക്കമുള്ള കാഴ്ചകൾ ആസ്വദിക്കാം.

പാലത്തിൽ കയറാൻ പ്രവേശന നിരക്ക് ഈടാക്കും. നിരക്ക് എത്രയെന്നത് വൈകാതെ പുറത്തുവിടും.ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചർ പാർക്കിലാണ് 75 അടി ഉയരത്തിലുള്ള ഗ്ലാസ് ബ്രിഡ്ജ് സജ്ജമാക്കുന്നത്. പാലത്തെ താങ്ങിനിറുത്താൻ സഹായിക്കുന്ന മൂന്ന് ഇരുമ്പ് തൂണുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഗ്ലാസ് ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ ആക്കുളത്തെ പുതിയ ആകർഷണമായി ഇത് മാറും. ഇതോടെ ആക്കുളത്തേക്ക് കൂടുതൽ സന്ദർശകരെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. പുതുവത്സരത്തിൽ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും നിർമ്മാണം ഉദ്ദേശിച്ച സമയത്ത് പൂർത്തിയാകാത്തതിനാൽ സാധിച്ചില്ല. ആക്കുളത്തെ സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നടത്തിപ്പ് നിർവഹിക്കുക.