
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ സി.പി.എമ്മിനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
ഒരു പ്രമുഖ ആശുപത്രിയിലെ ന്യൂറോ ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റാണ് കോതിയിൽ ഹാജരാക്കിയത്. ബി.പി നോക്കാനാണ് കോടതി നിർദ്ദേശിച്ചത്. 160 എന്ന ബി.പി ജനറൽ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആർ.എം.ഒയെ സ്വാധീനിച്ച് ബി.പി നോർമൽ എന്ന് രേഖപ്പെടുത്തി. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെ ജയിലിൽ അടയ്ക്കുന്നതിന് ആർ.എം.ഒയെ സ്വാധീനിച്ച് സർട്ടിഫിക്കറ്റുണ്ടാക്കി. ആർ.എം.ഒ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റാണ് വ്യാജമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അർ.എം.ഒയും കന്റോൺമെന്റ് എസ്.എച്ച്.ഒയുമൊക്കെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. സെക്ഷൻ 333 നിയമപ്രകാരം കേസെടുത്തത് പത്ത് വർഷം വരെ തടവ് ലഭിക്കുന്നതിന് വേണ്ടിയാണ്. നിയമവിരുദ്ധ നടപടിയെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും പിന്നാലെയുണ്ടാകും. ആരെയും വെറുതെ വിടില്ല. എം.വി. ഗോവിന്ദൻ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമാണ് മൂന്നാംകിട വർത്തമാനത്തിലൂടെ ഇല്ലാതാക്കിയത്. സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെ ഒന്നാംപ്രതിയാക്കി കേസെടുക്കുന്നതിൽ എന്ത് ന്യായമാണുള്ളത്?.
പിണറായി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ്. സർക്കാരിനെ ഉപദേശിക്കുന്നവർ സർക്കാരിന്റെ ശത്രുക്കളാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം തടസപ്പെടുത്തിയും അടിച്ചമർത്തിയുമുള്ള സ്റ്റാലിനിസ്റ്റ് നയമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്,എല്ലാ കുഴപ്പങ്ങൾക്കും തുടക്കമിട്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അപ്പുറവും ഇപ്പുറവും നടക്കുന്നവർ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസുകളിലെ പ്രതികളാണ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐക്കാരനെ മോചിപ്പിച്ച ഏരിയാ സെക്രട്ടറിക്കെതിരെ നടപടി എടുത്തില്ല. പൊലീസുകാരനോട് കക്കൂസ് കഴുകാൻ പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പാൽക്കുപ്പി നൽകിയാണ് ജീപ്പിൽ കയറ്റിയത്. ഇതിനെല്ലാം മറുപടി പറയിക്കും.