
തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സവാദ് എൻ.ഐ.എയുടെ പിടിയിലായിരിക്കുകയാണ്. ബി.കോം ക്ളാസ് പരീക്ഷയ്ക്കായി ജോസഫ്
തയ്യാറാക്കിയ ചോദ്യപേപ്പറിൽ നിരുപദ്രവകരമായ ഒരു ഉദ്ധരണി ഉൾപ്പെടുത്തിയതാണ് മതനിന്ദ ആരോപിച്ച് വലിയ വിവാദമായി മാറിയത്. മതതീവ്രവാദി സംഘടനക്കാർ ഇതിനെതിരെ കൊടിയ പ്രക്ഷോഭമാണ് അഴിച്ചുവിട്ടത്. അദ്ധ്യാപകന്റെ ജീവനെടുത്തില്ലെങ്കിലും ചോദ്യം എഴുതിത്തയ്യാറാക്കിയ കൈയെങ്കിലും വെട്ടിമാറ്റണമെന്നായിരുന്നു സംഘടനാ നേതൃത്വത്തിന്റെ തീരുമാനം. അതിനുവേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് 2010 ജൂലായ് നാലിന് രാവിലെ പള്ളിയിൽ പോയി മടങ്ങിവരുന്നതിനിടെ ജോസഫിനെ തടഞ്ഞുനിറുത്തി കാറിൽ നിന്നിറക്കി ആക്രമിച്ചതും കൈപ്പത്തി വെട്ടിമാറ്റി വലിച്ചെറിഞ്ഞതും. കേസിൽ സവാദായിരുന്നു ഒന്നാം പ്രതി. കൃത്യം നടത്തിയശേഷം മുങ്ങിയ സവാദ് ഇക്കഴിഞ്ഞ പതിമൂന്നു വർഷവും ഒളിവുജീവിതം നയിക്കുകയായിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ചും പിന്നീട് കേസ് ഏറ്റെടുത്ത എൻ.ഐ.എയും നാടൊട്ടുക്കും അന്വേഷിച്ചെങ്കിലും അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കേസിലുൾപ്പെട്ട 41 പ്രതികളിൽ പതിമൂന്നുപേരെ ആദ്യഘട്ട വിചാരണയിൽ കോടതി ശിക്ഷിച്ചു. ശേഷിക്കുന്ന
11 പേരുടെ വിചാരണ പൂർത്തിയായത് കഴിഞ്ഞ ജൂലായിലാണ്. പ്രതികളിൽ ആറുപേരെക്കൂടി ശിക്ഷിക്കുകയും ചെയ്തു. ഇതൊക്കെ മുറയ്ക്കു നടക്കുമ്പോഴും ഒന്നാം പ്രതി അന്വേഷണ ഏജൻസികളുടെ കണ്ണുകൾ വെട്ടിച്ച് സമർത്ഥമായി കാസർകോടും കണ്ണൂരുമായി ഒളിജീവിതം നയിക്കുകയായിരുന്നു. കാസർകോടു നിന്നു വിവാഹം കഴിച്ച് ഭാര്യയും രണ്ടു കുട്ടികളുമൊത്ത് കണ്ണൂർ ബേരകത്ത് വാടകവീട് തരപ്പെടുത്തി മരപ്പണിക്കാരനായി കഴിയവെയാണ് പിടിയിലാകുന്നത്. സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്തുലക്ഷം രൂപയാണ് ഇനാമായി പ്രഖ്യാപിച്ചിരുന്നത്. സവാദ് അകത്തായെങ്കിലും അയാൾക്ക് ഒളിത്താവളം ഒരുക്കിക്കൊടുക്കുകയും ഇത്രയും കാലം വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തവർ ഇപ്പോഴും കാണാമറയത്തു തന്നെയാണ്. അവരെക്കൂടി കണ്ടെത്തി നീതിപീഠത്തിനു മുന്നിലെത്തിക്കുമ്പോഴേ സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച കൈവെട്ടുകേസിൽ പൂർണനീതി നടപ്പായെന്നു പറയാനാവൂ.
ഏതു കൊടിയ കുറ്റകൃത്യം നടത്തിയ ശേഷവും പ്രതികൾക്ക് ഒളിജീവിതം നയിക്കാനാവശ്യമായ സകല സൗകര്യങ്ങളും ഒരുക്കാൻ ആളുകളുണ്ടെന്നു വരുന്നത് നിയമവാഴ്ച പുലർന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഇത്തരക്കാരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ തണലിലാണ് കുറ്റവാളികൾ സസുഖം വാഴുന്നത്. കൈവെട്ടുകേസിലെ ഗൂഢാലോചനയും പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെയും കണ്ടെത്തുക അത്ര ലളിതമായിരിക്കില്ല. മതത്തെ കവചമാക്കി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ കരുതിയിരിക്കുക എന്നതു മാത്രമാണ് രാഷ്ട്രീയത്തിന്റെ കെട്ടുപാടുകളിൽ പെടാത്ത സാധാരണ മനുഷ്യർക്ക് ചെയ്യാനാവുന്നത്. രാജ്യത്തിനും മതസൗഹാർദ്ദത്തിനും ഉയർത്തിയ ഭീഷണിയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടെങ്കിലും അവരുടെ അദൃശ്യ സാന്നിദ്ധ്യം ഇപ്പോഴും പ്രകടമാണ്.
കൈവെട്ടു കേസിലെ യഥാർത്ഥ പ്രതികളും ശരിയായ കുറ്റവാളികളും ഇപ്പോഴും ഒളിഞ്ഞുനിൽക്കുകയാണെന്ന അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ പ്രതികരണം നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. ഒന്നാം പ്രതി സവാദും പിടിയിലായ സ്ഥിതിക്ക് സംഭവത്തിനു പിന്നിൽ നടന്ന ഗൂഢാലോചനയും അതിലുൾപ്പെട്ട പ്രബലന്മാരെയും വെളിച്ചത്തുകൊണ്ടുവരാൻ അന്വേഷണ ഏജൻസിക്ക് കഴിയണം. സവാദ് ഇവിടെയൊക്കെത്തന്നെ ജീവിച്ചിട്ടും ഊഹാപോഹങ്ങളുടെ പിറകെയായിരുന്നു ഇതുവരെ അന്വേഷണ സംഘങ്ങൾ. സവാദ് വിദേശത്തേക്കു കടന്നെന്ന അഭ്യൂഹത്തിനായിരുന്നു മുൻതൂക്കം. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയം കൂടിയാണ് സവാദിന്റെ ഇവിടെത്തന്നെയുള്ള ഒളിവുജീവിതം.