
തിരുവനന്തപുരം: ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാദ്ധ്യ പുരുഷനാണ് രാമൻ. രാമനോടോ അയോദ്ധ്യയോടോ അല്ല പ്രശ്നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമത്തോടാണ് വിയോജിപ്പെന്നും. ഇത് കോൺഗ്രസിന്റെ നിലപാടാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ചടങ്ങിലേക്ക് പാർട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്. ക്ഷണം ലഭിച്ച നേതാക്കൾക്ക് പാർട്ടിയുമായി ആലോചിച്ചിക്കാം. അയോദ്ധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തിരഞ്ഞെടുപ്പിന് മുൻപ് മതത്തെ രാഷ്ട്രീയവത്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആദി ശങ്കരന്റെ പിന്മുറക്കാരും നാല് മഠങ്ങളിലെ മഠാധിപതികളുമായ ശങ്കരാചര്യന്മാരും അയോദ്ധ്യയെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിൽ ഏത് വിശ്വാസികൾക്കും പോകാം. പക്ഷേ ചടങ്ങ് രാഷ്ട്രീയവത്കരിക്കുന്നതാണ് പ്രശ്നമെന്ന് സതീശൻ ചൂണ്ടിക്കാട്ടി.