
ആറ്റിങ്ങൽ: പഞ്ചാബിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സഹോദരിമാർക്ക് മെഡൽ. കേരളത്തിനുവേണ്ടി ഫിദയും ഫെമിദയുമാണ് മെഡലുകൾ നേടിയത്. പത്തൊമ്പത് വയസ് സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം കുമിത്തെയിൽ ഫെമിദ മെഡൽ നേടി ദേശീയ സ്കൂൾ കരാട്ടെയിൽ കേരളത്തിന്റെ ആദ്യ വെള്ളിമെഡൽ കരസ്ഥമാക്കി. അവനവൻചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് ഫെമിദ. പത്തൊമ്പത് വയസിന് താഴെയുളള സീനിയർ പെൺകുട്ടികളുടെ 44 കിലോഗ്രാം കുമിത്തെയിലാണ് ഫിദയുടെ വെങ്കല മെഡൽ നേട്ടം. 2018 ൽ കേരളം ആദ്യമായി സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീമിനെ അയച്ച് തുടങ്ങിയപ്പോൾത്തന്നെ കേരളത്തിനു വേണ്ടി ആദ്യ മെഡൽ നേടിയതും ഫിദയാണ്. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഫിദ. കേരളം ആകെ നാല് മെഡലുകളാണ് നേടിയത്. അതിൽ രണ്ട് മെഡലുകൾ ഫിദയും ഫെമിദയും നേടി ശ്രദ്ധയാകർഷിച്ചു. 2017ൽ കീഴാറ്റിങ്ങൽ ബി.വി.യു.പി എസിൽ ആരംഭിച്ച സൗജന്യ ആറ്റിങ്ങൽ കരാട്ടെ ടീം ക്ളാസിലൂടെയാണ് ഫിദയും ഫെമിദയും കരാട്ടെ രംഗത്തേക്കു വരുന്നത്. പിന്നീട് പരിശീല കേന്ദ്രമായ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലേക്ക് ചേരുകയും ചെയ്തു. പോങ്ങനാട് അനീഷ് മൻസിലിൽ അനീഷ് - ജസ്ന ദമ്പതികളുടെ മക്കളാണ്.