കിളിമാനൂർ: മാലിന്യത്തിൽ നിറഞ്ഞുകിടന്ന സിവിൽ സ്റ്റേഷന് ശാപമോക്ഷം.കിളിമാനൂർ സിവിൽ സ്റ്റേഷൻ മാലിന്യനിർമ്മാർജ്ജനവും പരിസര ശുചീകരണവും പൂർത്തിയാക്കി പരിപാലിക്കാൻ തീരുമാനമായി. സ്ഥാപനത്തിന്റെ മേൽനോട്ട ചുമതലയുള്ള എസ്റ്റേറ്റ് കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. മാലിന്യം നീക്കം ചെയ്യാനും കോൺഫറൻസ് ഹാൾ അടച്ചുറപ്പുള്ളതാക്കാനുമാണ് തീരുമാനം. പരിസരം തൊഴിലുറപ്പ് തൊഴിലാളികളും ജീവനക്കാരും കൂടി വൃത്തിയാക്കും, തുടർ പരിപാലനത്തിന് പാർട്ട്‌ ടൈം സ്വീപ്പർമാരെ നിയമിക്കും.ട്രഷറി ഉൾപ്പെടെ ഏഴോളം സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ കാലങ്ങളായി മാലിന്യം കൊണ്ട് വൃത്തിഹീനമായിരുന്നു. ട്രഷറിയിലെത്തുന്ന വൃദ്ധർ ഉൾപ്പെടെയുള്ളവർ പകർച്ചവ്യാധി ഭീതിയിലുമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. തുടർന്നാണ് സിവിൽ സ്റ്റേഷൻ വൃത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്. ഒ.എസ്.അംബിക എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, തഹസീദാർ ടി.വേണു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി, പഞ്ചായത്ത് അംഗങ്ങളായ രതി പ്രസാദ്, കെ.സുമ,എസ്.ശ്യാംനാഥ്‌ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.