
തിരുവനന്തപുരം: സംഗീതരംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിക്കുള്ള 2021 -ലെ സ്വാതി സംഗീത പുരസ്കാരത്തിന് കർണാടക സംഗീതജ്ഞൻ പി.ആർ. കുമാരകേരളവർമ്മ അർഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്കാരമെന്ന് സാംസ്കാരിക മന്ത്രി സജിചെറിയാൻ അറിയിച്ചു.
കർണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളിൽ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഡോ.കെ.ഓമനക്കുട്ടി ചെയർപേഴ്സണും കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മെമ്പർ സെക്രട്ടറിയും സംഗീതജ്ഞന്മാരായ പാർവതീപുരം എച്ച്.പത്മനാഭ അയ്യർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അവാർഡ് നിർണയിച്ചത്. സ്വാതിതിരുനാൾ കൃതികൾ ഏറെ പാടിയിട്ടുള്ള സംഗീതജ്ഞനാണ് കുമാര കേരളവർമ്മ. മുത്തുസ്വാമി ദീക്ഷിതർ,ത്യാഗരാജ സ്വാമികൾ,ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികൾ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.