
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'സി-സ്‌പേസ്' ഈമാസം പ്രവർത്തനമാരംഭിക്കും. കാണുന്ന ചിത്രങ്ങൾക്ക് മാത്രം പണം നൽകുന്ന 'പേ പെർ വ്യൂ' സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ചശേഷമാണ് സി-സ്‌പേസിൽ എത്തുക. നിലവാരമുള്ള സിനിമകൾക്ക് പുറമെ ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയും ഇതുവഴി ആസ്വദിക്കാം.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകൾ സിനിമാപ്രവർത്തകരടക്കം അംഗങ്ങളായ പാനലാണ് തിരഞ്ഞെടുക്കുക. കിട്ടുന്ന വരുമാനം ആനുപാതികമായി നിർമ്മാതാവിനും ലഭിച്ചുകൊണ്ടിരിക്കുന്ന വിധത്തിലാണിത് സജ്ജമാക്കിയിരിക്കുന്നത്. മറ്റ് ഒ.ടി.ടികളിൽ നിർമ്മാതാവിന് ഇത്തരത്തിൽ വരുമാനം ലഭിക്കാറില്ല.
രണ്ടുവർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷമാണ് രാജ്യത്താദ്യമായി സർക്കാരിന് കീഴിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോം വരുന്നത്. ട്രയൽ റൺ വിജയകരമായിരുന്നു. കൊവിഡിനുശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി സിനിമകൾ റിലീസ് ചെയ്യുന്നത് കുതിച്ചുയർന്നതോടെയാണ് സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
റിപ്പോർട്ട് സമർപ്പിച്ചില്ല : 101 പദ്ധതികൾക്ക് കെറെറയുടെനോട്ടീസ്
തിരുവനന്തപുരം : ത്രൈമാസ പുരോഗതി റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കാത്ത 101 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെറെറ) കാരണം കാണിക്കൽ നോട്ടീസ് നൽകി. ത്രൈമാസ പുരോഗതി സമർപ്പിക്കാനുള്ള കാലാവധി ഈമാസം ഏഴിന് അവസാനിച്ചതോടെയാണ് നടപടി.
ആകെ 547 പദ്ധതികളിൽ 446 എണ്ണം ത്രൈമാസ പുരോഗതി സമർപ്പിച്ചു. മൂന്നു മാസം മുമ്പ് 64 ശതമാനം പദ്ധതികൾ ത്രൈമാസ റിപ്പോർട്ട് കൃത്യസമയത്ത് സമർപ്പിച്ചപ്പോൾ ഇത്തവണ 82 ശതമാനം പദ്ധതികളും കാലാവധിയ്ക്ക് മുമ്പ് റിപ്പോർട്ട് നൽകി. കെറെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നത് ഉപഭോക്താക്കൾക്കും പ്രൊമോട്ടർമാർക്കുമിടയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിൽ പ്രധാന ഘടകമാണ്.