arrest

മലയിൻകീഴ്: കാർ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പേയാട് കാട്ടുവിള ഗീതാ ഭവനിൽ ശ്രീകുമാറിന്റെ മകൻ അനന്തുവിനെ (19) തട്ടിക്കൊണ്ടുപോയ ബീമാപള്ളി ഭാഗത്തുള്ള സംഘത്തെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

സംഭവത്തിന് കാട്ടാക്കട,മലയിൻകീഴ് സ്വദേശികളായ ഏതാനും പേരുടെ സഹായവുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 9ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് ഓട്ടോകളിലും ടൂവീലറിലുമെത്തിയ എട്ടംഗ സംഘം ആക്രമിച്ചശേഷം അനന്തുവിന്റെ ഓട്ടോ സഹിതം തട്ടിക്കൊണ്ടു പോയത്. ബഹളം വച്ചപ്പോൾ യുവാവിനെ സ്കൈലൈൻ ചെറുകോട് ഭാഗത്തുവച്ച് വാഹനത്തിൽ നിന്നിറക്കി മാരകമായി മർദ്ദിക്കുകയും ചെയ്‌തു.

അക്രമിസംഘം ഇയാളെ ബീമാപള്ളി ഭാഗത്തേക്ക് കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചു.

ഇതിനിടെ സംഘത്തിലുൾപ്പെട്ട രണ്ടുപേരെ വിളപ്പിൽശാല പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കാട്ടാക്കട കിള്ളി ഭാഗത്തു വച്ച് അതിസാഹസികമായി പിടികൂടി. പെരുങ്കുളം കരിയങ്കോട് വടക്കുംകര പുത്തൻവീട്ടിൽ എം.മനോജ് (24), പെരുംകുളം പൂച്ചടിവിള ഷിജി ഭവനിൽ ജെ.സോജു(24) എന്നിവരെയാണ് ആദ്യം പിടികൂടിയത്. വൈദ്യ പരിശോധന നൽകിയ ശേഷം ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൂന്തുറ ഭാഗത്തു നിന്ന് മലയിൻകീഴ് അന്തിയൂർക്കോണം പ്ലാവിളതലയ്ക്കൽ പുത്തൻവീട്ടിൽ എ.അഖിൽകുമാർ(24), പൂന്തുറ മിൽക്ക് കോളനിക്ക് സമീപം സുരയ്യ മൻസിൽ എസ്.അർഷാദ്(28), ബീമാപള്ളി പത്തേക്കർ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയിൽ ബി.ഫിറോസ് ഖാൻ(35) എന്നിവരെ ഓട്ടോകൾ സഹിതം അറസ്റ്റുചെയ്‌തത്.

അവശനിലയിലായിരുന്ന അനന്തുവിനെ ആശുപത്രിയിലേക്ക് മാറ്റി. വിളപ്പിൽശാല സി.ഐ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ആശിഷ്,എസ്.ഐ.ബൈജു, സി.പി.ഒ. മാരായ പ്രദീപ്, അരുൺ, രജീഷ്,വിനോദ്, അഖിൽ കൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.