
തിരുവനനന്തപുരം: പ്രഭാത നടത്തത്തിന് ഇറങ്ങിയ 82 വയസുകാരനെ തള്ളിയിട്ട് മാല കവർന്ന കേസിൽ മൂന്നുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ അർജുൻ(22),അമ്പൂരി കണ്ണന്നൂർ നരിയ്ക്കൽ വിളവീട്ടിൽ അബിൻ റോയി(18), മലയിൻകീഴ് മേപ്പുകട അരുവിപ്പാറ തറട്ടവിളവീട്ടിൽ സിറിൽ ആൽഫ്രഡ് (22) എന്നിവരാണ് അറസ്റ്റിലായത്. അർജുനെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ട്. അബിനെതിരേയും കേസുകളുണ്ട്.
ഡിസംബർ 27ന് പുലർച്ചെ 4.30നായിരുന്നു സംഭവം. ഡി.പി.ഐ ജംഗ്ഷനിൽ നിന്ന് വഴുതക്കാട്ടേക്ക് പോവുകയായിരുന്ന ആകാശവാണി റോഡ് നികുഞ്ജം ഫ്ളാറ്റിലെ താമസക്കാരനായ കൃഷ്ണമൂർത്തിയെയാണ് ഇവർ ആക്രമിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം കൃഷ്ണമൂർത്തിയെ തള്ളിയിട്ടശേഷം ആറ് പവന്റെ മാല പിടിച്ചുപറിച്ചു. മാലയുടെ പകുതി മാത്രമാണ് മോഷ്ടാക്കൾക്ക് ലഭിച്ചത്. വീഴ്ചയിൽ കൃഷ്ണമൂർത്തിയുടെ കൈക്ക് പരിക്കേറ്റു.