
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്‌നിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം സ്പീക്കർ എ.എൻ. ഷംസീറിനും പാർലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും ഇതുസംബന്ധിച്ച് കത്തുനൽകി.
25 മുതൽ ഫെബ്രുവരി 14 വരെയും ഫെബ്രുവരി 26 മുതൽ മാർച്ച് 27 വരെയുമാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കെ.പി.സി.സിയുടെ രാഷ്ട്രീയ പ്രചാരണജാഥ ഫെബ്രുവരി 9ന് തുടങ്ങുന്ന സാഹചര്യത്തിൽ സഭാ സമ്മേളന തീയതികൾ പുനഃക്രമീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിന് ബഡ്ജറ്റ് അവതരണവും 5, 6, 7 തീയതികളിൽ പൊതു ചർച്ചയും നടത്തി യു.ഡി.എഫ് അംഗങ്ങൾക്ക് ജാഥയിൽ പങ്കെടുക്കുന്നതിനു അവസരമൊരുക്കുന്ന രീതിയിൽ സമ്മേളന കലണ്ടറിൽ മാറ്റം വരുത്തണമെന്നാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യം.