കാസർകോട് :ജീവനക്കാരന് പുനർനിയമനത്തിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നിശ്ചയിച്ച് ആദ്യ ഗഡുവായ 20000 രൂപ കൈപ്പറ്റുന്നതിനിടെ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ വിജിലൻസിന്റെ പിടിയിലായി. കേരള കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ മൈസൂർ സ്വദേശിയായ എ.കെ.മോഹനെ ആണ് കാസർകോട് വിജിലൻസ് ഡിവൈ. എസ്. പി വി.കെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തത്.
2017 മുതൽ കേന്ദ്ര സർവകലാശാലയിൽ ജോലിചെയ്യുന്ന ഇദ്ദേഹം കാസർകോട് വിദ്യാനഗറിലാണ് താമസിക്കുന്നത്. കേന്ദ്ര സർവകലാശാലയിൽ നേരത്തെ ഉണ്ടായിരുന്ന താൽക്കാലിക ജീവനക്കാരന് പുനർനിയമനം നൽകുന്നതിനും പി.എച്ച്.ഡി ക്ക് സീറ്റ് തരപ്പെടുത്തി നൽകുന്നതിനും രണ്ട് ലക്ഷം രൂപയാണ് കേന്ദ്ര സർവകലാശാലയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് പ്രൊഫസറായ മോഹൻ ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. അവരും മറ്റു രണ്ടുപേരും അടങ്ങിയ പാനലാണ് നിയമനം നടത്തേണ്ടത്. അതുകൊണ്ടു തന്നെ പണം നൽകിയാൽ എല്ലാം ശരിയാക്കി തരാമെന്ന് പ്രൊഫസർ ഉദ്യോഗാർത്ഥിയെ അറിയിക്കുകയായിരുന്നു. ആദ്യഗഡു ഇന്നലെ കിട്ടണമെന്ന് ആവശ്യപ്പെട്ട വിവരം ഉദ്യോഗാർത്ഥി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി കേന്ദ്ര സർവകലാശാലയിൽ എത്തി കൈമാറുന്നതിനിടെയാണ് അതീവ രഹസ്യമായി എത്തി കാത്തുനിന്ന വിജിലൻസ് ഡിവൈ.എസ്.പിയും സംഘവും മോഹനെ കുടുക്കിയത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കേന്ദ്ര സർവകലാശാലയിൽ എത്തിയ വിജിലൻസ് സംഘം രാത്രി 9 മണിക്ക് ആണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിജിലൻസ് ഇൻസ്‌പെക്ടർമാരായ ഐ.സി.ചിത്രരഞ്ജൻ, എ. ആർ.രൂപേഷ്, കാസർകോട് ആർ.ആർ.തഹസിൽദാർ പി.ഷിബു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ റിജു മാത്യു, എസ്.ഐമാരായ ഈശ്വരൻ നമ്പൂതിരി, കെ.രാധാകൃഷ്ണൻ, വി.എം.മധുസൂദനൻ, പി.വി.സതീശൻ,എ.എസ്.ഐ സുഭാഷ് ചന്ദ്രൻ, സി.പി.ഒ മാരായ രാജീവൻ, സന്തോഷ് , സുധീഷ്, പ്രദീപ്, പ്രമോദ്, ഷീബ, ഡ്രൈവർമാരായ ശ്രീനിവാസൻ, കൃഷ്ണൻ, രതീഷ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.