
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത ബഹുമതിയായ സ്വാതി സംഗീത പുരസ്കാരം പി.ആർ. കുമാരകേരള വർമ്മയിലേക്ക് എത്താൻ വൈകിയോ എന്ന് സംഗീത പ്രേമികൾ സംശയിച്ചാൽ അതൊരു തെറ്റല്ല. പ്രാണവായുവിന് പുറമെ അദ്ദേഹത്തിന് അനിവാര്യമായ മറ്റൊന്ന് സംഗീതമാണ്. അംഗീകാരങ്ങൾക്കും പുരസ്കാരങ്ങൾക്കും പിറകെ പോകാൻ കുമാരകേരള വർമ്മയുടെ ദൈവിക സംഗീതം അനുവദിച്ചിട്ടുമില്ല.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ സ്വരമാന്ത്രികതയുടെ ലോകത്ത് അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച സതീർത്ഥ്യർ നിസാരക്കാരല്ല. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ, എം.ജി. രാധാകൃഷ്ണൻ, തിരുവിഴജയശങ്കർ തുടങ്ങിയവർ. അദ്ദേഹത്തിന്റെ തിരുമുഖത്തുനിന്ന് സംഗീത പാഠഭേദങ്ങൾ സ്വായത്തമാക്കിയവരും മോശക്കാരല്ല. ഇതിന്റെയൊന്നും പൊങ്ങച്ചത്തിനോ വമ്പുപറച്ചിലിനോ കുമാരകേരള വർമ്മ നിൽക്കാറില്ല. സ്വരരാഗ സുധയുടെ മായാലോകത്ത് ശുദ്ധസംഗീതോപാസകനായി അദ്ദേഹം അങ്ങനെ സഞ്ചരിക്കുന്നു.
മാവേലിക്കര എണ്ണക്കാട്ട് കൊട്ടാരത്തിൽ ഇ.രാമവർമ്മരാജയുടെയും പള്ളത്ത് കൊട്ടാരത്തിൽ സീതാദേവി തമ്പുരാട്ടിയുടെയും മകനായി 1940 നവംബർ 18 ന് ജനനം. കൊട്ടാരം ഭാഗവതരായിരുന്ന രുദ്രവാര്യരിൽ നിന്നും ഒമ്പതാം വയസിൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങി. 13-ാംവയസിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം . മഹാദേവരുടെ കടാക്ഷം വേണ്ടുവോളം കിട്ടി. വെച്ചൂർ ഹരിഹര സുബ്രഹ്മണ്യയ്യർ, മാവേലിക്കര പ്രഭാകര വർമ്മ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതത്തിലെ തുടർപഠനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി ,1957ൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ വിദ്യാർത്ഥിയായി. ഗാനഭൂഷണം, സംഗീവിദ്വാൻ, ഗാനപ്രവീണ ബിരുദങ്ങൾ മികച്ച നിലയിൽ പൂർത്തിയാക്കി. ഡോ.ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ മൂന്നു വർഷം സംഗീതത്തിൽ ഉപരിപഠനം നടത്തി.
1966-ലാണ് സ്വാതിതിരുനാൾ സംഗീത കോളേജിൽ അദ്ധ്യാപകനാവുന്നത്. കേരളത്തിലെ മൂന്ന് സംഗീത കോളേജുകളിലായി 28 വർഷം സേവനമനുഷ്ഠിച്ചു. സംഗീതലോകവുമായി ബന്ധപ്പെട്ട് നിരവധി പ്രൗഢമായ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോഴിക്കോട് സാമൂതിരി കോവിലകത്ത് പാതിരിശ്ശേരി പി.കെ.കെ. തമ്പാട്ടിയാണ് ഭാര്യ. ബിന്ദുവർമ്മ പി.കെ, ഹരിവർമ്മ പി.കെ എന്നിവർ മക്കൾ.