1

വിഴിഞ്ഞം: വിഴിഞ്ഞത്ത് സ്വിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും.രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ കോവളത്തും തീരമേഖലയുൾപ്പെട്ട വിഴിഞ്ഞം,ഹാർബർ എന്നിവിടങ്ങളിൽ സ്വിവേജ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ജില്ലാകളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് തീരുമാനം.നഗരസഭയിലെ 100 വാർഡുകളിൽ 43 വാർഡുകളിൽ സ്വീവറേജ് മാലിന്യങ്ങൾ ഒഴുക്കിവിടാനുള്ള സംവിധാനമുണ്ട്. എന്നാൽ രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രത്തിലും സമീപ വാർഡുകളുൾപ്പെട്ട വിഴിഞ്ഞം,ഹാർബർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കും വീടുകൾ, ഹോട്ടലുകൾ അടക്കമുള്ളവയിൽ നിന്ന് സ്വിവേജ് വെള്ളമുൾപ്പെട്ട മാലിന്യങ്ങൾ ഒഴുക്കി വിടുന്നതിനുള്ള സ്ഥിരം സംവിധാനമില്ല. ഇതേ തുടർന്നാണ് അടിയന്തരമായി പ്രദേശത്ത് സ്വിവറേജ് സംവിധാനം നിർമ്മിക്കാൻ നിർദേശിച്ചത്. രണ്ട് വാർഡുകളിലുമായി ഏകദേശം 20.5 കിലോമീറ്റർ ദൂരത്തിലാവും നിർമ്മാണം.

ഇതുസംബന്ധിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജലഅതോറിട്ടിയുടെ സ്വിവേജ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറോട് കളക്ടർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് എൻജിനിയർ എ.സുജാത, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ റീജ, അസി.എൻജിനിയർ ലിജുന, ഹെഡ് സർവേയർ സൂരജ് എന്നിവർ വിഴിഞ്ഞത്തെത്തി. ടോയ്‌ലെറ്റ് മാലിന്യങ്ങൾ ഓടയിലൂടെ ലൈറ്റ്ഹൗസ് ബീച്ചിലേക്ക് ഒഴുക്കിവിടുന്നത് കടലിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോവളം വിനോദസഞ്ചാര കേന്ദ്രവും വിഴിഞ്ഞം, ഹാർബർ വാർഡുകളെയും ഉൾപ്പെടുത്തി സ്വിവേജ് സംവിധാനത്തിലുള്ള ഓട നിർമ്മിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഓടകളിലൂടെയെത്തുന്ന മാലിന്യത്തെ സംസ്‌കരിക്കാനാണ് പ്ലാന്റ്.