1

വിഴിഞ്ഞം: നിർമ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായി അടുത്ത കപ്പൽ മാർച്ചിൽ എത്തും. മാർച്ച് അവസാനയാഴ്ചയോടെയാണ് അഞ്ചാമത്തെ കപ്പൽ എത്തുകയെന്ന് തുറമുഖവൃത്തങ്ങൾ അറിയിച്ചു.

തുറമുഖത്ത് ക്രെയിനുകളുമായെത്തിയ നാലാമത്തെ കപ്പൽ ഷെൻഹുവ 15 ഇന്നലെ ഉച്ചയ്ക്ക് 12ഒാടെ ചൈനയിലേക്ക് മടങ്ങി. കഴിഞ്ഞമാസം 30ന് എത്തിയ കപ്പലിൽ അഞ്ച് ക്രെയിനുകളാണ് കൊണ്ടുവന്നത്. തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പലാണ് ഷെൻഹുവ 15. ഷെൻഹുവ 15ന്റെ രണ്ടാമത്തെ വരവായിരുന്നു ഇത്തവണത്തേത്. നാല് കപ്പലുകളിലായി ഇതുവരെ 15 ക്രെയിനുകളാണ് എത്തിച്ചത്. മേയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാവുമ്പോൾ ആകെ 32 ക്രെയിനുകളാണ് വേണ്ടത്.

ഒന്നാംഘട്ടത്തിൽ 800 മീറ്റർ ബർത്താണ് നിർമ്മിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 400 മീറ്റർ ഇതിനകം പൂർത്തിയായിരുന്നു. അടുത്ത കപ്പൽ എത്തുമ്പോഴേക്കും ശേഷിക്കുന്ന 400 മീറ്റർ കൂടി പൂർത്തിയാകും. കൂടാതെ പുലിമുട്ടിന്റെ നിർമ്മാണവും കഴിയും.