general

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ ആലുംമ്മൂട് വാർഡിലുള്ള ഈഴക്കുളം നവീകരിക്കാൻ കേന്ദ്രപദ്ധതി തയാറായി. നഗരസഭാകൗൺസിലർ മഞ്ചന്തല സുരേഷിന്റെ അഭൃർത്ഥന പ്രകാരമാണ് നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ നവീകരണ പദ്ധതിക്ക് അനുമതി നൽകിയത്. ഇതിലേക്കായി കേന്ദ്രസർക്കാർ ഒരുകോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. നെയ്യാറ്റിൻകര നഗരസഭയിലെ ഈഴക്കുളത്തിന് പുറമേ നഗരസഭയിലെ അറുതലച്ചികുളം ചിറക്കുളം തെച്ചിക്കുളം എന്നിവയും വെവ്വേറെയായുള്ള നവീകരണ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഈഴകുളത്തെ മലിനജലം സംസ്ക്കരിച്ച് ശുദ്ധീകരിച്ച് മരുത്തൂർ ഭാഗത്തേക്ക് ഒഴുക്കിവിടാനാണ് നീക്കം. നവീകരണത്തോടൊപ്പം സമീപത്ത്നിന്തൽക്കുളവും വയോജനപാർക്ക് പൂന്തോട്ടവും തയാറാക്കാൻ പദ്ധതിയുണ്ട്. പദ്ധതി വരുന്നതോടുകൂടി ഇവക്കെല്ലാം പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഈഴക്കുളം മലിനജലസംഭരണ കേന്ദ്രമായതിനെ സംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ ഇപ്പോഴത്തെ ഭരണാധികാരികൾ തയാറായത്.