തിരുവനന്തപുരം: ജല അതോറിട്ടിയുടെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്ന ബോർഡ് റൂമിനും എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ മുറിക്കു മുമ്പിലും ഇരുമ്പ് ഗ്രിൽ സ്ഥാപിക്കാൻ ഒരുങ്ങി വാട്ടർ അതോറിട്ടി. ബോർഡ് യോഗം തടസമില്ലാതെ നടക്കുന്നതിനു വേണ്ടിയാണിതെന്നാണ് ജല അതോറിട്ടിയുടെ വാദം. പെൻഷൻ പരിഷ്‌കരണം ആവശ്യപ്പെട്ട് പെൻഷൻ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഡിസംബറിൽ ഡയറക്ടർ ബോർഡ് യോഗം നടന്ന മുറിയിലേക്ക് തള്ളിക്കയറിയിരുന്നു.അന്ന് യോഗത്തിൽ നിന്ന് ചെയർമാൻ കൂടിയായ വാട്ടർ അതോറിട്ടി സെക്രട്ടറി അശോക് കുമാർ സിംഗ് ഇറങ്ങിപ്പോയിരുന്നു.പിന്നാലെയാണ് ബോർഡ് റൂമിന് സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്. അടിയന്തരമായി ഗ്രിൽ സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന് എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും അശോക് കുമാർ സിംഗും ഹെഡ് ഓഫീസ് എക്സിക്യുട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളയമ്പലത്ത് ജല അതോറിട്ടി ആസ്ഥാനത്തെ എട്ടാം നിലയിലാണ് ബോർഡ് റൂം സ്ഥിതി ചെയ്യുന്നത്. ആസ്ഥാന മന്ദിരത്തിന്റെ ഏറ്റവും താഴത്തെ നിലയിലും ഗ്രിൽ സ്ഥാപിക്കും. സംഘർഷമുണ്ടായതിന്റെ അന്ന് പെൻഷൻ കൂട്ടായ്മ എം.ഡിയെ കാണാനെന്നു പറഞ്ഞാണ് ബോർഡ് യോഗം നടക്കുന്നിടത്തേക്ക് കയറിയത്. അതേസമയം,ഗ്രിൽ സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു), അക്വ എന്നീ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചെലവ് 7 ലക്ഷം
ഗ്രിൽ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജല അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടൻ ജോലികൾ ആരംഭിക്കും. അതേസമയം,നാളെ മുതലുള്ള അവധി ദിവസങ്ങളിൽ പണികൾ ചെയ്യാൻ എം.ഡി നിർദ്ദേശിച്ചതായും വിവരമുണ്ട്.
മന്ത്രിയുടെ വാക്കും പാഴായി
ഗ്രിൽ സ്ഥാപിക്കാനുള്ള നീക്കം നേരത്തെതന്നെ യൂണിയനുകൾ മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അത്തരത്തിലുള്ള ഒരു തീരുമാനവും ഉണ്ടാവില്ലെന്നാണ് കോട്ടയത്തു വച്ച് മന്ത്രി യൂണിയനുകൾക്ക് ഉറപ്പുനൽകിയത്. എന്നാൽ, അത് മറികടന്നാണ് ഇപ്പോഴത്തെ നീക്കം.