ശിവഗിരി: ശിവഗിരിമഠത്തിന്റെ അവസാന മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ 48-ാമത് സമാധിവാർഷികം ഇന്ന് ആചരിക്കും. ഗുരുദേവന്റെ ആദ്യ സിലോൺയാത്രയിൽ അനുഗമിച്ചവരിൽ ഒരാളാണ് സ്വാമി ശങ്കരാനന്ദ. 1944 മുതൽ 1950 വരെ ശിവഗിരി മഠാധിപതിയായിരുന്നു. ഗുരുദേവകൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിലും ഗുരുദേവന്റെ മഹാസങ്കല്പമായ ബ്രഹ്മവിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു. മഹാസമാധിമന്ദിരം യാഥാർത്ഥ്യമാക്കുന്നതിന് ഉപവാസസമരമുറവരെ സ്വാമി ശങ്കരാനന്ദയ്ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമയുടെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചതും സ്വാമിയായിരുന്നു. ശിവഗിരിമഠത്തിന്റെ പ്രവേശനകവാടത്തിനടുത്ത് ശങ്കരാനന്ദനിലയം കോമ്പൗണ്ടിലാണ് (ശിവഗിരിയിലെ പഴയ നെയ്ത്തുശാല) സ്വാമി ശങ്കരാനന്ദയുടെ സമാധിപീഠം.