flex

കാട്ടാക്കട: കാട്ടാക്കട-തിരുവനന്തപുരം റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തെ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ഓമ്നി ഫ്ലക്സ് എന്ന സ്ഥാപനത്തിൽ തീപിടിത്തം. കടയിൽ സ്ഥാപിച്ചിരുന്ന എ.സിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി 9.55 ഓടെ ആണ് സംഭവം. തീപിടിച്ച സ്ഥാപനത്തിന്റെ മേൽക്കൂരയോടു ചേർന്നാണ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര. ടാങ്കുകൾ ഇതിന് 10 മീറ്റർ പോലും ദൂരമില്ല. തീപിടിത്തം ഉണ്ടായപ്പോൾത്തന്നെ പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഫയർ എസ്റ്റിംഗുഷർ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചതോടെ തീ കൂടുതൽ പടർന്നില്ല. കാട്ടാക്കട ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തിയതോടെ തീ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി. 7 ലക്ഷം രൂപയുടെ പ്രിന്റിംഗ് മിഷ്യൻ ഉൾപ്പെടെ കത്തി നശിച്ചു. മൊത്തം പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സുജിത്ത് പറഞ്ഞു.